
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബായിലുള്ള വിജയ് ബാബു ഇന്ന് തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മുൻകൂർ ജാമ്യഹർജിക്കൊപ്പം അഭിഭാഷകർ വിമാന ടിക്കറ്റിന്റെ പകർപ്പും ഹാജരാക്കിയിരുന്നു. എന്നാൽ ടിക്കറ്റ് റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിലെത്തിയാൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്നതിനാലാണ് വിജയ് ബാബു തിരിച്ചെത്താത്തതെന്നും, നിയമത്തിന്റെ മുന്നിൽ നിന്ന് നടൻ ഒളിച്ചോടുകയാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം വിജയ് ബാബുവിന് ദുബായിൽ ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയ സുഹൃത്തായ യുവനടനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. രണ്ട് ക്രെഡിറ്റ് കാർഡുകളാണ് പ്രതിക്ക് കൈമാറിയത്. വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.