pc-george

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പൊലീസ് നിർദേശിക്കുന്ന സമയത്ത് ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ ഹാജാരാകാമെന്ന് മുൻ എം എൽ എ പി സി ജോർജ്. ആരോഗ്യസ്ഥിതി കാരണമാണ് ഇന്നലെ ഹാജരാകാത്തതെന്നാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് അയച്ച കത്തിൽ പറയുന്നത്.

ഞായറാഴ്‌ച രാവിലെ പതിനൊന്നിന് തിരുവനന്തപുരം ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ എത്താൻ പി സി ജോർജിന് അന്വേഷണ സംഘം നിർദേശം നൽകിയിരുന്നു. എന്നാൽ ഹാജരാകാതെ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയുടെ ലംഘനമാണിതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനോട് ഇന്ന് നിയമോപദേശം തേടിയശേഷം തുടർനടപടിയിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.