run

പടിഞ്ഞാറേകല്ലട : വിരമിക്കൽ അവസ്‌മരണീയമാക്കാൻ പലരും പലവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാറുണ്ട്. എന്നാൽ,​ 32 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ തിരുവനന്തപുരം എ.ആർ ക്യാമ്പ് സബ്ഇൻസ്പെക്ടർ എസ്. ജയസേനൻ ആഘോഷമാക്കിയത് 32 കിലോമീറ്റർ ഓടിയാണ്. ചൊവ്വാഴ്ച വിരമിക്കുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ഓടി വിരാമമിട്ടത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തായിരുന്നു. റൺ വിത്ത് ജയ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ 3. 30ന് കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്ന് ജി.പി.ഒ, അമ്പലമുക്ക് വഴി കവടിയാറിലേക്കും തിരിച്ചും മൂന്ന് റൗണ്ട് നാലു മണിക്കൂറുകൊണ്ടാണ് അദ്ദേഹം ഓടിയെത്തിയത്.പ്രായം അക്കം മാത്രമാണെന്നും മനസാണ് ശക്തിയെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ അദ്ദേഹം നൽകുന്നത്.

പടിഞ്ഞാറേക്കല്ലട സ്വദേശിയായ എസ്.ജയസേനൻ ചെറുപ്പം മുതൽ തന്നെ

സ്പോർട്സിൽ അതീവ തത്പരനായിരുന്നു. ഓട്ടം ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധിയാക്കിയ ഐ ടെൻ റണ്ണേഴ്സ് ക്ലബിന്റെ അദ്യകാല അംഗമായ ജയസേനനെ ഈ വെറൈറ്റി ഓട്ടത്തിലേക്ക് നയിച്ചതും അവർ തന്നെ. മരത്തോൺ ഓടണമെന്നാണ് എസ്. ജയസേനന്റെ ആഗ്രഹം.

വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസ് പാസായ ശേഷം കൊല്ലം എസ്.എൻ കോളേജിൽ നിന്ന് പൊളിറ്റിക്സിൽ എം.എ ബിരുദം നേടിയ ജയസേനൻ, പടിഞ്ഞാറേകല്ലട ഐത്തോട്ടുവ തെക്കേതറയിൽ വീട്ടിൽ പരേതരായ ശിവദാസൻ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ സിബ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ജീവനക്കാരിയാണ്. മകൾ ഗോപിക തിരുവനന്തപുരം വിമൻസ് കോളേജിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയും മകൻ ഗോവിന്ദ് ശാസ്തമംഗലം ആർ.കെ .ഡി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയുമാണ്.