
കാഠ്മണ്ഡു: തകർന്നു വീണ നേപ്പാൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾ മുസ്തങ്ങ് ജില്ലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മുസ്തങ്ങിലെ കോവാങ്ങിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വിമാനം എവിടെയാണ് വീണതെന്ന് ഇന്നലെ തിരിച്ചറിഞ്ഞിരുന്നെങ്കിലും മഞ്ഞുവീഴ്ച മൂലം രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തെരച്ചിൽ പുനരാരംഭിച്ചത്.
മുംബയിലെ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബണ്ടേക്കർ ത്രിപാഠി, മക്കളായ ധനുഷ് ത്രിപാഠി, ഋതിക ത്രിപാഠി എന്നിവരും രണ്ട് ജർമ്മൻകാരും മൂന്ന് ജീവനക്കാരുൾപ്പടെ 16 നേപ്പാളികളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. തെരച്ചിൽ തുടരുകയാണ്.
Nepal | Crashed Tara Air aircraft located at Sanosware, Thasang-2, Mustang
— ANI (@ANI) May 30, 2022
The aircraft with 22 people including four Indians onboard went missing yesterday.
(Photo source: Nepal Army) pic.twitter.com/W4n5PV3QfA
നേപ്പാളിലെ താര എയർ എന്ന സ്വകാര്യ ടൂറിസ്റ്റ് ഏജൻസിയുടെ ഇരട്ട എൻജിൻ വിമാനം ഓട്ടർ 9 എൻ - എ. ഇ. ടി ആണ് ഇന്നലെ രാവിലെ അപകടത്തിൽപ്പെട്ടത്. നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ നിന്ന് തീർത്ഥാടന - വിനോദ സഞ്ചാര കേന്ദ്രമായ ജോംസമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം.