sidhu-moose-wala-death-

അമൃത്‌സർ: പഞ്ചാബി ഗായകനായ സിദ്ദു മൂസെ വാലയെ വെടിവച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആറ് പേരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന മൂന്ന് വാഹനങ്ങളുടെ രജിസ്ട്രേഷൻ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. കോൺഗ്രസ് നേതാവ് കൂടിയായ സിദ്ധു മൂസെ വാലയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്.

മൂസെ വാലയ്ക്ക് നൽകി വന്ന പൊലീസ് സംരക്ഷണം കഴിഞ്ഞ ദിവസം ആം ആദ്മി സ‌ർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അജ്ഞാതരായ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്. 29 വയസായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെയും സംസ്ഥാന പൊലീസ് മേധാവി വികെ ഭാവ്രയുടെയും നിർദേശപ്രകാരം എസ് പി ധരംവീർ സിംഗ്, ഡി എസ് പി ബതിന്ദ വിശ്വജിത് സിംഗ്, സി ഐ എ ഉദ്യോഗസ്ഥൻ പ്രീതിപാൽ സിംഗ് എന്നിവർ ഉൾപ്പെട്ട മൂന്ന് അംഗ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു.

ഇന്നലെ വൈകിട്ട് സ്വദേശമായ മാൻസ ജില്ലയിലെ ജഹവർക്കെ ഗ്രാമത്തിൽ സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴായിരുന്നു ആക്രമണം നടന്നത്. ഇവരുടെ എസ് യു വിയിലേക്ക് മുപ്പതോളം തവണ വെടിവച്ചെന്നാണ് റിപ്പോർട്ട്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിയേറ്റ രണ്ട് സുഹൃത്തുക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്‌ചയാണ് സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷ പൊലീസ് കുറച്ചത്. സിദ്ദുവിന് നൽകിയിരുന്ന നാല് പൊലീസുകാരിൽ രണ്ട് പേരെയാണ് പിൻവലിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. തുടർന്ന് മാൻസ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ആം ആദ്മിയുടെ ഡോ. വിജയ് സിംഗ്ലയോട് 63,​000 വോട്ടിന് പരാജയപ്പെട്ടു. (ആം ആദ്മി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടിയ വിജയ് സിംഗ്ലയെ അഴിമതിക്ക് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടുത്തിടെ പുറത്താക്കി.)​

പാട്ടുകളിലൂടെ തോക്ക് സംസ്‌കാരത്തെയും അക്രമത്തെയും മഹത്വവത്കരിച്ചെന്നാരോപിച്ച് സിദ്ദുവിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 'സ്‌കേപ്പ് ഗോട്ട്" എന്ന പുതിയ ഗാനത്തിൽ ആം ആദ്മി പാർട്ടിയെയും അനുഭാവികളെയും 'ഗദ്ദർ" (രാജ്യദ്രോഹി) എന്ന് വിളിച്ചെന്ന ആരോപണം വിവാദമായിരുന്നു.