
കങ്കണ നായികയായെത്തിയ ഏറ്റവും പുതിയ ചിത്രമായ ധാക്കഡ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിക്കഴിഞ്ഞു. 100 കോടി ബഡ്‌ജറ്റിലെത്തിയ ചിത്രം നേടിയത് മൂന്ന് കോടിയാണ്. ആദ്യ ദിനം മുതൽക്കേ മോശം അഭിപ്രായങ്ങളായിരുന്നു ചിത്രത്തെക്കുറിച്ച് കേട്ടിരുന്നത്.
കങ്കണയുടെ തുടർച്ചയായി പരാജയപ്പെടുന്ന എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ഇതിന് മുൻപ് റിലീസായ കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങൾ ബോക്‌സോഫീസിൽ തകർന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാൻ നിന്നവരെല്ലാം പിന്മാറുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ തുടർ പരാജയങ്ങൾക്കിടയിൽ നിന്ന് തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലേക്ക് താരം കടന്നിരിക്കുകയാണ്. എമർജൻസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും കങ്കണ റണാവത്ത് തന്നെയാണ്.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, ഒരു ഗ്രാൻഡ് പിരീഡ് ചിത്രമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്നതിൽ താരം വ്യക്തത വരുത്തിയിട്ടില്ല.

ചിത്രത്തിന്റെ വർക്കുകൾ ആരംഭിച്ച് കഴിഞ്ഞു. കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. മണികർണിക: ക്വീൻ ഒഫ് ഝാൻസി എന്ന ചിത്രമാണ് താരം നേരത്തെ സംവിധാനം ചെയ്‌തത്.
2014ൽ പുറത്തിറങ്ങിയ റിവോൾവർ റാണി എന്ന ചിത്രത്തിൽ കങ്കണയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകൻ സായ് കബീറാണ് ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തന്നെക്കാൾ നന്നായി ഈ പ്രൊജക്റ്റ് കൈകാര്യം ചെയ്യാൻ മറ്റാർക്കും കഴിയില്ലെന്ന് വിശ്വസിക്കുന്നതിനാൽ താൻ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്ന് കങ്കണ പറഞ്ഞിരുന്നു.