popular

ആലുവ: വിദ്വേഷ പ്രസംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത, പോപ്പുലർ ഫ്രണ്ടിന്റെ ആലപ്പുഴ സമ്മേളനം സ്വാഗതസംഘം ചെയർമാനായിരുന്ന യഹിയ തങ്ങളെ വാഹനം തടഞ്ഞുനിർത്തി മോചിപ്പിക്കാനുള്ള പോപ്പുലർ ഫ്രണ്ടുകാരുടെ ശ്രമം പൊലീസ് ചെറുത്തു തോൽപ്പിച്ചു. ആറ് പേരെ അറസ്റ്റ് ചെയ്തു.ആലുവ കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കൽ സുധീർ (45), കടുങ്ങല്ലൂർ എരമം സ്വദേശികളായ ഓലിപറമ്പിൽ സാദിഖ് (43), ഓലിപ്പറമ്പിൽ ഷമീർ (38), പയ്യപിള്ളി ഷഫീഖ് (38), കടുങ്ങല്ലൂർ ഏലൂക്കര അത്തനാട്ട് അൻവർ (42), ആലുവ ഉളിയന്നൂർ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം പേർക്കെതിരെ കേസെടുത്തു.സി.സി ടി.വി ദൃശ്യങ്ങളിലൂടെ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയും പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഇന്നലെ രാവിലെ പത്തോടെ ദേശീയപാതയിൽ ആലുവ കമ്പനിപ്പടിക്ക് സമീപമാണ് നിയമവാഴ്ച്ചയെ വെല്ലുവിളിക്കുന്ന സംഭവം അരങ്ങേറിയത്.യഹിയ തങ്ങളെ കുന്നംകുളത്തെ വസതിയിൽ നിന്ന് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുവരികയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറോളം പേർ പെട്ടെന്ന് സംഘടിച്ചെത്തി. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും സുരക്ഷാ തിരക്കുകളിലായിരുന്നു പൊലീസുകാർ. ഇത് കണക്കിലെടുത്ത് തന്നെയാണ് ആലുവയിൽ വാഹനം തടഞ്ഞത്.പ്രതിയുമായി പോയ പൊലീസിന്റെ കമാൻഡോ വിംഗാണ് പ്രതിഷേധക്കാരെ ആദ്യം ബലം പ്രയോഗിച്ച് നീക്കിയത്. ബൈപ്പാസ് ഭാഗത്തുണ്ടായിരുന്ന ആലുവ സി.ഐ എൽ. അനിൽകുമാറും സംഘവും പിന്നാലെ എത്തി പ്രതിഷേധക്കാരെ നേരിട്ടു. പത്ത് മിനിറ്റോളം ആലപ്പുഴ പൊലീസിന്റെ വാഹനം റോഡിൽ തടഞ്ഞിട്ടു.അറസ്റ്റിലായ പ്രതികളെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.