
'ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്ന വിശേഷമുണ്ടായിരുന്ന കാവന് ഇപ്പോൾ 37 വയസുണ്ട്. കംബോഡിയ വന്യജീവി സങ്കേതത്തിൽ മികച്ച രീതിയിൽ ജീവിക്കുകയാണ് ഈ ആന. സന്തോഷവാനും, സ്വതന്ത്രനുമായ കാവൻ തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിക്കിടന്ന് ജീവിതം ആസ്വദിക്കുകയാണ്.
ഭക്ഷണം കഴിക്കുന്നതാണ് കാവൻ എന്ന ആനയുടെ പ്രിയപ്പെട്ട വിനോദം. ചൂടുള്ള വേനൽക്കാലത്ത് കാവൻ വിശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വെള്ളത്തിനടിയിൽ തലയിട്ട് കിടന്ന് ഇടയ്ക്കിടെ തുമ്പിക്കൈ ഉയർത്തി ശ്വാസമെടുക്കുന്നത് വീഡിയോയിൽ കാണാം.

പാകിസ്ഥാനിലെ മൃഗശാലയിൽ എട്ട് വർഷത്തോളം തനിയെ ചിലവഴിച്ചതിന് ശേഷം ആനയ്ക്ക് ഇപ്പോൾ ജീവിക്കാനുള്ള അവസരം ലഭിച്ചുവെന്ന് വീഡിയോയ്‌ക്ക് കമന്റായി ആളുകൾ പറയുന്നു.
ശ്രീലങ്കയുടെ സമ്മാനമായി 1985-ൽ പാക്കിസ്ഥാനിലെത്തിയ കാവൻ 35 വർഷം തടവിൽ കഴിഞ്ഞു. കാവന്റെ ഒപ്പം 22 വർഷം പങ്കാളിയായി ഉണ്ടായിരുന്ന സഹേലി 2012-ൽ മരിച്ചു. ഇതോടെ ഇസ്ലാമാബാദ് മൃഗശാലയിൽ കാവന്റെ ജീവിതം ഏകാന്തമായി.

ഈ ആനയുടെ ജീവിതം മാറ്റിമറിച്ചത് അമേരിക്കൻ ഗായികയായ ചേർ നയിച്ച ഒരു ആഗോള ക്യാംപെയ്‌നാണ്. ആനയെ മൃഗശാല അവഗണിക്കുന്നതിനെതിരെ ഇവർ ഒരു കേസ് നടത്തി.
2020 മേയ് മാസത്തിൽ ഇസ്ലാമാബാദ് ഹൈക്കോടതി കാവനെയും മറ്റ് 38 മൃഗങ്ങളെയും അവിടെ നിന്ന് മാറ്റാൻ വിധിച്ചു. അതേ വർഷം നവംബർ 30 ന് കംബോഡിയ വന്യജീവി സങ്കേതത്തിലേക്ക് കാവൻ എത്തി. അതോടെ കാവൻ തന്റെ ജീവിതം ആസ്വദിച്ച് തുടങ്ങി.
