congress

ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ പ്രതിഷേധം ആളിക്കത്തുന്നു. പാർട്ടി ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. ഉന്നത നേതാക്കൾക്ക് ഇഷ്ടമുള്ളവരെ നൂലിൽ കെട്ടിയിറക്കുന്ന രീതിയിൽ പ്രതിഷേധിച്ച് ജനസമ്മിതിയുള്ള പ്രമുഖ നേതാക്കൾ പാർട്ടി വിട്ടേക്കും എന്നും റിപ്പോർട്ടുണ്ട് . 57 സീറ്റുകളിലേക്ക് അടുത്ത പത്തിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും ജയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.പ്രശ്നങ്ങൾ എത്രകണ്ട് പരിഹരിക്കപ്പെടുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. നാലുസീറ്റാണ് ഇവിടെയുള്ളത്.ഇവിടെ നിന്നാണ് പാർട്ടിക്ക് കൂടുതൽപേരെ ജയിപ്പിക്കാൻ കഴിയുന്നതും. എന്നാൽ സംസ്ഥാനത്തെ ഒറ്റ നേതാവിനും ഇവിടെ സീറ്റ് നൽകിയിട്ടില്ല. മുകുൾ വാസ്നിക്, രൺദീപ് സിംഗ് സുർജേവാല, പ്രമോദ് തിവാരി എന്നീ അന്യ സംസ്ഥാനക്കാർക്കാണ് നിലവിൽ സീറ്റ് നൽകിയിരിക്കുന്നത്. ഇതാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പട്ടിക അംഗീകരിക്കാനാവില്ലെന്നും പിൻവലിക്കണമെന്നുമാണ് സംസ്ഥാന ഘടകത്തിന്റെ ആവശ്യം. എന്നാൽ ഇതിന് നേതൃത്വം തയ്യാറായേക്കില്ല എന്നാണ് റിപ്പോർട്ട്. നേരത്തേ തന്നെ നിരവധി പ്രശ്നങ്ങളുളള സംസ്ഥാന ഘടകത്തിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്കും ഒരു പക്ഷേ ഭരണംപോകുന്ന അവസ്ഥയ്ക്കുവരെ കാരണമായേക്കും എന്നും റിപ്പോർട്ടുണ്ട്. സംസ്ഥാന നേതാക്കളെ പരിഗണിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിന്നാക്ക വിഭാഗക്കാരെ തഴഞ്ഞുവെന്ന് ആരോപിച്ച് ഗുജറാത്തിലും പ്രതിഷേധം ശക്തമാണ്. സ്ഥാനാർത്ഥി പട്ടികയിൽ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്തിന്റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേൽ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ ബി ജെ പി പാളയത്തിലാണ്. പ്രശ്നം എത്രയും പെട്ടെന്ന് ഒതുക്കി തീർത്തില്ലെങ്കിൽ സംസ്ഥാനത്ത് പാർട്ടി പൂർണമായി നാമാവശേഷമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും.

congress1

മഹാരാഷ്ട്രയിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നടി നഗ്മയും രംഗത്തെത്തിയിട്ടുണ്ട്. തനിക്കുള്ള സീറ്റ് എവിടെയെന്നും ഇതിന് സോണിയാ ഗാന്ധി തന്നെ മറുപടി പറയണെമെന്നുമാണ് നഗ്മ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദ്ധാനം ചെയ്തിരുന്നെന്നും തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും, കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷമായെന്നും നഗ്മ തുറന്നടിക്കുന്നു. പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തനായ ഇമ്രാൻ പ്രതാപ് ഗഡിക്കാണ് മഹാരാഷ്ട്രയിൽ സീറ്റ് നൽകിയിരിക്കുന്നത്. ഇതാണ് നഗ്നമയുടെ പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയത്.

നേതൃത്വത്തിനെതിരെ പ്രതിഷേധമുയർത്തിയ ജി 23 നേതാക്കളെയും സ്ഥാനാർത്ഥി നിർണയത്തിൽ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഗുലാം നബി ആസാദിനും, ആനന്ദ് ശർമ്മക്കും സീറ്റില്ല.എന്നാൽ അടുത്തിടെ നേതൃത്വത്തോട് മൃദു സമീപനം സ്വീകരിച്ച മുകുൾ വാസ്നിക്കിന് സീറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.

പതിനഞ്ച്‌ സംസ്ഥാനത്തെ 57 രാജ്യസഭാ സീറ്റിലേക്ക്‌ ജൂൺ 10നാണ് തെരഞ്ഞെടുപ്പ്‌ നടക്കുക. ഉത്തർപ്രദേശ്‌–- 11, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര- ആറുവീതം, ബിഹാർ- അഞ്ച്‌, ആന്ധ്രപ്രദേശ്‌, കർണാടകം, രാജസ്ഥാൻ - നാലുവീതം, മദ്ധ്യപ്രദേശ്‌, ഒഡിഷ--മൂന്നുവീതം, തെലങ്കാന, ഛത്തീസ്‌ഗഢ്‌, പഞ്ചാബ്‌, ജാർഖണ്ഡ്‌, ഹരിയാന- രണ്ടുവീതം, ഉത്തരാഖണ്ഡ്‌- ഒന്ന്‌ എന്നിങ്ങനെയാണ്‌ ഒഴിവുകൾ..