മഴക്കാലത്ത് കുടുംബസമേതം ഒന്നിച്ചു കൂടിയിരുന്ന് നല്ല ചൂടൂം എരിവുമുള്ള ഭക്ഷണവിഭവങ്ങൾ കഴിക്കാൻ തോന്നാറില്ലേ. അതിന് പറ്റിയ ഐറ്റംസാണ് ബീഫും പഴം പൊരിയും. വളരെ എളുപ്പത്തിൽ രുചികരമായി ആർക്കും ഉണ്ടാക്കാമെന്നതാണ് ഈ കോമ്പിനേഷന്റെ പ്രത്യേകത.

ആദ്യം ബീഫുണ്ടാക്കാം. ഇഞ്ചി,​ വെളുത്തുള്ളി,​ പച്ചമുളക് ഇവ നന്നായി അരച്ചെടുത്തു മാറ്റി വയ്‌ക്കണം. ഇനി കറുവപ്പട്ടയും കുരുമുളകും അരച്ചെടുക്കാം.

കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് സവാള അരിഞ്ഞതും മുളക് പൊടിയും മഞ്ഞൾപ്പൊടി ഉപ്പും അല്പം ഇഞ്ചി പേസ്റ്റും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു ചട്ടിയിൽ വെള്ളമൊഴിച്ച് ചൂടാക്കിയ ശേഷം ചേരുവകൾ പുരട്ടിയ ബീഫ് അതിലേക്ക് മാറ്റി അടച്ചു വച്ച് വേവിക്കണം.

ആ സമയത്ത് മറ്റൊരു പാത്രത്തിൽ സവാള വഴറ്റിയെടുക്കണം. ഇഞ്ചി പേസ്റ്റ്,​ മസാല പൊടി എന്നിവയും ചേർത്തിളക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേർത്ത് വെള്ളമൊഴിച്ച് വേവിക്കണം. ഈ അരപ്പിലേക്ക് വേണം വേവിച്ച് വച്ച ബീഫ് ചേർത്ത് ഇളക്കിയെടുക്കാൻ.

ഇനി പഴംപൊരിയുണ്ടാക്കാം. മൈദമാവും അരിപ്പൊടിയും കൂട്ടി യോ‌ജിപ്പിച്ച ശേഷം അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും പഞ്ചസാരയും ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് നന്നായി ഇളക്കിയെടുക്കുക. ഇതിൽ മുറിച്ച് വച്ച പഴം മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്.

food