crime

ലക്‌നൗ: മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവും മോഷണം പോയെന്ന് വ്യാജ പരാതി നൽകിയ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബിജ്‌നോർ സ്വദേശിയായ ദയാറാം സിംഗാണ് (43)​ അറസ്റ്റിലായത്.

ജൂൺ 22നാണ് ദയാറാം സിംഗിന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 90000 രൂപയും വില കൂടിയ ആഭരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയെന്ന് പറഞ്ഞാണ് ദയാറാം പരാതി നൽകിയത്. വെള്ളി,​ ശനി ദിവസങ്ങളിൽ രാത്രിയിൽ വീട്ടിൽ മോഷണം നടന്നുവെന്നാണ് ഇയാൾ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.

എന്നാൽ,​ അന്വേഷണത്തിനിടെ ഇയാളുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസുദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് താൻ മോഷണക്കഥ ഉണ്ടാക്കി പറഞ്ഞതാണെന്ന് പ്രതി വെളിപ്പെടുത്തിയത്. സ്ത്രീധനം ഒഴിവാക്കി കിട്ടാനുള്ള ശ്രമമായിട്ടാണ് ഇത്തരമൊരു കള്ളക്കഥ കെട്ടിഞമച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

മോഷണം നടന്നുവെന്ന് വരുത്തി തീർക്കാനായി സ്വന്തം വീടിന്റെ മതിലും ഇയാൾ തകർത്തിരുന്നു. മോഷണത്തിൽ അയൽവാസിയെ സംശയിക്കുന്നതായും പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യയെയും മക്കളെയും കള്ളൻ കയറി സ്വർണവും പണവും കൊണ്ടുപോയെന്നാണ് പ്രതി വിശ്വസിപ്പിച്ചിരുന്നത്.

വ്യാജപരാതി നൽകിയതിലും പൊലീസിനെ കബളിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പ്രതിയിൽ നിന്നും പണവും ആഭരണങ്ങളും പൊലീസ് കണ്ടെത്തി.