
നിരത്തിലും വിപണയിലും വന്‍ തരംഗം സൃഷ്‍ടിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലേക്കെത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കമ്പനി വാര്‍ത്തകളില്‍ നിറയുന്നത് അത്ര നല്ല കഥകളിലൂടെ അല്ല. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം തീര്‍ത്തിരുന്ന ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകൾ വാങ്ങിയവരുടെ സങ്കടകഥകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒല സ്കൂട്ടർ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ നേരത്തേ തന്നെ ഉയർന്നുവന്നിട്ടുണ്ട്. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പുതിയ പ്രശ്നമാണ് സസ്‌പെൻസർ ഒടിയുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഭിഭാഷകയായ പ്രിയങ്ക ഭരദ്വാജ് ആണ് തന്റെ കറുത്ത ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുൻവശത്തെ ഫോർക്ക് ഒടിഞ്ഞതിന്റെയും ടയർ കീറിപ്പോയതിന്റെയും ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കിട്ടത്. സ്കൂട്ടറിലെ തകരാർ ഉടൻ തന്നെ പരിഹരിച്ച് നൽകണമെന്ന് കുറിച്ചുകൊണ്ടാണ് യുവതി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഒല കമ്പനിയും കമന്റ് ചെയ്തു. കഴിഞ്ഞ ദിവസം ശ്രീനാഥ് മേനോൻ എന്ന ഓല എസ്1 പ്രോ സ്കൂട്ടർ ഉടമയും സമാനമായ സംഭവം പോസ്റ്റ് ചെയ്തിരുന്നു. സ്കൂട്ടറിന്റെ മുൻഭാഗം തകർന്നതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.