minister

തിരുവനന്തപുരം: ഗവിയിലെ വനംവകുപ്പ് ഓഫീസിൽ വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി. മാത്യുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്നും ഉദ്യോഗസ്ഥന്റെ നടപടി വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

ഗവി സ്റ്റേഷനിൽ താൽക്കാലിക ജോലിനോക്കുന്ന വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇവർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളതാണ്. സഹപ്രവർത്തകനോടൊപ്പം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അവിടെയെത്തിയ മനോജ് ടി മാത്യു സാധനങ്ങൾ എടുത്തു നൽകാമെന്ന് പറഞ്ഞ് സ്റ്റോർ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഒപ്പമുണ്ടായിരുന്ന ആൾ ഓടിയെത്തിയപ്പോൾ അയാളെ തള്ളിമാറ്റി വീണ്ടും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും സെക്ഷൻ ഓഫീസർ ഉൾപ്പടെയുള്ളവർ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും യുവതി പറയുന്നു. പെരിയാർ റേഞ്ച് ഓഫീസർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് ആഭ്യന്തര പരാതി പരിഹാരകമ്മിറ്റി അന്വേഷിക്കുകയും മനോജ് ടി മാത്യുവിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. സംഭവത്തിൽ മൂഴിയാർ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.