golden-temple-kitchen

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ അടുക്കള ഉള്ളത് എവിടെയാണെന്നറിയുമോ? ദിവസവും ഒരു ലക്ഷത്തിലധികം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഈ അടുക്കളയിലെ ജോലികൾ തുടങ്ങുന്നത് വെളുപ്പിന് അഞ്ച് മണിയ്ക്കാണ്. ജോലികളെല്ലാം തീരുന്നത് തൊട്ടടുത്ത ദിവസം വെളുപ്പിന് നാലരയ്ക്കും. അതായത് 24 മണിക്കൂറും (ശരിക്കും 23.5 മണിക്കൂർ) ഈ അടുക്കള പ്രവർത്തിക്കുന്നുണ്ട്.

പഞ്ചാബിലെ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിലാണ് ഈ അടുക്കള സ്ഥിതി ചെയ്യുന്നത്. ഏത് സമയത്തും ഏതൊരു മനുഷ്യനും ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം കഴിയ്ക്കാം. ഗുരു രാം ദാസ് ലംഗാർ എന്നാണ് ഈ അടുക്കളയെ അറിയപ്പെടുന്നത്. ജാതിയോ, മതമോ ഒന്നും പ്രശ്നമല്ല. ഒരു പക്ഷെ നിരശ്വര വാദികൾക്ക് പോലും ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം കഴിയ്ക്കാം. അടുക്കള തന്നെയാണ് ഇവിടുത്തെ ക്ഷേത്രമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

golden-temple-kitchen

മറ്റൊരു വസ്തുതയെന്തെന്നാൽ ചോറും, പയറുകറിയും, ചപ്പാത്തിയും, ഘീറും (മധുര പലഹാരം), ചായയുമെല്ലാം ലഭിക്കുന്ന ഈ അടുക്കളയിൽ ജോലിക്കാരായി 350 പേർ മാത്രമേ ഉള്ളു. എന്നാൽ അവരുടെ ജോലി ചപ്പാത്തി പരത്തൽ മാത്രമാണ്. ബാക്കി ജോലികളെല്ലാം ചെയ്യുന്നത്, ക്ഷേത്രത്തിലെത്തുന്ന ഭക്തരും, മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്നാണ്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് ഇവിടെ അവർ ആഹാരം പാകം ചെയ്യുന്ന ജോലികളിൽ ഏർപ്പെടുന്നത്.

ഓരോ ദിവസവും ആഹാരം പാകം ചെയ്യുന്ന വ്യക്തികളുടെ ശരിക്കുള്ള ജോലി എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഡോക്ടർമാരും, എഞ്ചിനീയർമാരും, വലിയ കമ്പനികളുടെ മേധാവികളുമൊക്കെയാണ് ഇവിടുത്തെ പാചകക്കാർ. ഇവരെല്ലാം തങ്ങളുടെ മറ്റ് ജോലികളെല്ലാം മാറ്റി വച്ചാണ് ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ ഇവിടെയെത്തി പാചക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. പച്ചക്കറികൾ എത്തിക്കുന്നതും, അത് അരിഞ്ഞ് വൃത്തിയാക്കുന്നതും, ആഹാരം പാകം ചെയ്യുന്നതും, പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതുമെല്ലാം ഇത്തരം വ്യക്തികൾ തന്നെയാണ്. ആരും അതിൽ ഒരു മടിയും കാണിക്കാറില്ല.

golden-temple-kitchen

1577 ൽ ഈ ക്ഷേത്രം പണിഞ്ഞത് മുതൽ ഈ അടുക്കളയും പ്രവർത്തനം ആരംഭിച്ചതായാണ് പറയപ്പെടുന്നത്. അതായത് ഏകദേശം 450 വർഷത്തോളമായി ഈ അടുക്കള പ്രവർത്തിക്കുന്നു. അന്നു മുതൽ ഇന്ന് വരെ ഈ അടുക്കളയിൽ ജോലി ചെയ്യുന്നതിനായി ആരെയും നിയോഗിച്ചിട്ടില്ല. ആഹാരം കഴിച്ചു കഴി‌ഞ്ഞ ഒരോ പാത്രവും ഏകദേശം അ‌ഞ്ച് തവണയാണ് കഴുകുന്നത്.

2,500 കിലോ പരിപ്പ്, 1,800 കിലോ അരി, 375 കിലോ സവാള, 100 കിലോ മസാല, 400 കിലോ പയർ, 7 ക്വിന്റൽ പാൽ, അങ്ങനെ ദിവസം ഇവിടെ ഉപയോഗിക്കുന്ന വസ്തുക്കളുടെ കണക്ക് കേട്ടാൽ തന്നെ നമ്മൾ ഞെട്ടും. ഒന്നര മുതൽ രണ്ട് ലക്ഷത്തോളം ചപ്പാത്തിയാണ് ഇവിടെ ദിവസവും ഉണ്ടാക്കുന്നത്. 500 കിലോ ഗോതമ്പ് മാവാണ് ഇതിനായി ദിവസവും ഇവിടെ ഉപയോഗിക്കുന്നത്. ഏകദേശം 3.87 ലക്ഷം രൂപയാണ് ഒരു ദിവസത്തെ ഇവിടുത്തെ അടുക്കളയുടെ മാത്രം ചെലവ്. ഇതെല്ലാം സംഭാവനയായിട്ടാണ് ഇവിടെ ലഭിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത.

golden-temple-kitchen