
ഓവർ നെെറ്റ് സെൻസേഷനെന്ന് വിളിച്ചിരുന്ന, അധികനാൾ ഫീൽഡിൽ കാണില്ലെന്ന് പലരും പരിഹസിച്ചിരുന്ന കാർത്തിക് ആര്യൻ എന്ന നടൻ ഇന്ന് ബോളിവുഡ് യൂത്ത് ഐക്കണായി മാറിയിരിക്കുകയാണ്. കങ്കണ റണാവത്തിന്റെ 'ധാക്കഡ്' എന്ന ചിത്രം ബോക്‌സോഫീസിൽ തകർന്നടിഞ്ഞപ്പോൾ മറുവശത്ത് 100 കോടിയിലധികം നേടി കുതിപ്പ് തുടരുകയാണ് ഈ നടന്റെ ചിത്രം. മറ്റു ഭാഷകളിലെ പ്രേക്ഷകർക്ക് അത്ര സുപരിചിതനല്ലാത്ത കാർത്തിക് സമീപ ഭാവിയിൽ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകർ.
ആരാണ് കാർത്തിക് ആര്യൻ
സെക്‌സിസ്റ്റ്, പിന്തിരിപ്പൻ, പ്രശ്‌നമുണ്ടാക്കുന്ന ബോറൻ തുടങ്ങിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്ന ആര്യൻ ഇന്ന് ബോളിവുഡിലെ യുവതാരമാണ്. ആദ്യ ചിത്രമായ 'പ്യാർ കാ പഞ്ച്‌നാമ' കാർത്തിക്കിനെ ഒറ്റ രാത്രി കൊണ്ട് താരമാക്കി. നിരാശാ കാമുകനായാണ് കാർത്തിക് ചിത്രത്തിൽ എത്തിയത്. സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലും ലഭിച്ചത് സമാനമായ വേഷം. പിന്നീട് ഈ വേഷങ്ങളിൽ താരം തളയ്ക്കപ്പെട്ടു. ഇതോടെ ഭാഗ്യം കൊണ്ട് സിനിമയിൽ എത്തിയ നടനാണെന്നും അധികനാൾ ഫീൽഡിൽ ഉണ്ടാവില്ലെന്നും പലരും വിധിയെഴുതി.
എന്നാൽ തന്നെ വിമർശിച്ചവരെക്കൊണ്ട് മാറ്റിപ്പറയിപ്പിക്കാൻ താരത്തിനായി. ഏറ്റവുമൊടുവിൽ ബോളിവുഡ് താരറാണി കങ്കണയുടെ ചിത്രത്തെ നോക്കുകുത്തിയാക്കി കാർത്തിക്കിന്റെ 'ഭൂൽ ഭുലയ്യ 2' ബോക്‌സോഫീസിൽ കുതിക്കുകയാണ്. കങ്കണയുടെ ധാക്കഡിന് പ്രേക്ഷകർ കുറവായതിനാൽ പല ഷോകളും മാറ്റി അവിടെ 'ഭൂൽ ഭുലയ്യ 2' ആണ് കളിക്കുന്നത്.

ഒരു നടനാകാൻ ആഗ്രഹം, എന്നാൽ...
കാർത്തിക് ആര്യന്റെ ജീവിത യാത്ര നടനാകാൻ ആഗ്രഹിക്കുന്ന ആർക്കും ഒരു പ്രചോദനം തന്നെയാണ്. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ജനിച്ച കാർത്തിക് ആര്യൻ എപ്പോഴും ഒരു നടനാകാൻ ആഗ്രഹിച്ചിരുന്നു. സ്‌കൂൾ കാലഘട്ടം മുതൽക്കേ താൻ ഒരു ദിവസം നടനാകുമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുമായിരുന്നു. അച്ഛനമ്മമാർ രണ്ടുപേരും ഡോക്ടർമാരായതിനാൽ കാർത്തിക്കിനെയും ഡോക്ടറാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
വീട്ടുകാരുടെ നിർബന്ധ പ്രകാരം ഡി.വൈ പാട്ടീൽ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ പഠിക്കാൻ മുംബൈയിലെത്തി. അവിടെ നിന്നും ബയോടെക്‌നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. പക്ഷേ കാർത്തിക് തന്റെ ആഗ്രഹം കെെവിട്ടില്ല.

മുംബയ്ക്ക് പുറത്തുള്ള ആളായതിനാൽ സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സിനിമകളുടെ ഓഡിഷനിലേക്ക് പോകാനായി ക്ലാസുകൾ ഒഴിവാക്കി. പിന്നീട് മോഡലിംഗിൽ അദ്ദേഹം ഒരു കരിയർ ഉണ്ടാക്കിയെങ്കിലും മൂന്ന് വർഷത്തോളം ഓഡിഷനുകളിൽ പരാജയപ്പെട്ടു. സ്വന്തമായി പോർട്ട്ഫോളിയോ തയ്യാറാക്കാൻ പോലും പണമില്ലായിരുന്നുവെന്ന് കാർത്തിക് വെളിപ്പെടുത്തിയിട്ടുണ്ട്.
ഓഡിഷനുകളിൽ അയക്കാനായി ഗ്രൂപ്പ് ഫോട്ടോകളിൽ നിന്ന് തന്റെ ഫോട്ടോ ക്രോപ്പ് ചെയ്യുമായിരുന്നു. വീട്ടുകാർ അറിയാതെ ക്രിയേറ്റിംഗ് കാരക്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയ കോഴ്‌സ് ചെയ്‌തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഈ കോഴ്സ് ചെയ്ത വിവരം തന്റെ ആദ്യ ചിത്രം റിലീസായതിന് ശേഷമാണ് താരം മാതാപിതാക്കളോട് പറഞ്ഞത്.
ആദ്യ ചിത്രം വിജയിച്ചു, പിന്നാലെ പരാജയങ്ങൾ
പഠിക്കുന്ന സമയത്താണ് ആദ്യ ചിത്രത്തിൽ കാർത്തിക് അഭിനയിക്കുന്നത്. ലവ് രഞ്ജന്റെ 'പ്യാർ കാ പഞ്ച്‌നാമ' വിജയമായിരുന്നു. സിനിമയിൽ അവസരം തേടുന്ന 12 ആൺകുട്ടികളുമായി കാർത്തിക് മുംബയിലെ ഒരു വാടക അപ്പാർട്ട്‌മെന്റിലായിരുന്നു താമസം.
ഇവിടെ വാടക വളരെ ഉയർന്നതായിരുന്നു. പെെസ കൊടുക്കാൻ പോലും ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് പ്യാർ കാ പഞ്ച്‌നാമ ഷൂട്ട് ചെയ്തത്. 2011-ൽ പുറത്തിറങ്ങി മികച്ച വിജയം നേടിയതോടെ അടുത്ത വർഷം അതേ ടീമിനൊപ്പം അടുത്ത ചിത്രത്തിലും താരം വേഷമിട്ടു.

പക്ഷേ ആകാശവാണി എന്ന ഈ ചിത്രം വേണ്ടത്ര വിജയിച്ചില്ല. അഭിനയത്തോട് വീട്ടുകാർക്കുള്ള എതിർപ്പ് കൂടിയതല്ലാതെ കുറഞ്ഞില്ല. പഠനം പൂർത്തിയാക്കാൻ അവർ നിർബന്ധിച്ചു. 'പ്യാർ കാ പഞ്ച്നാമ'യുടെ റിലീസിന് ശേഷം ആര്യൻ തന്റെ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി.
പിന്നീട് വന്ന ചിത്രങ്ങളും പരാജയപ്പെട്ടതോടെ താരത്തിന്റെ സിനിമാ കരിയർ ചോദ്യം ചെയ്യപ്പെട്ടു. 'പ്യാർ കാ പഞ്ച്‌നാമ 2' വിലൂടെ കാർത്തിക് വീണ്ടും ശ്രദ്ധിക്കപ്പെട്ടു. പരാജയങ്ങൾക്കിടയിൽ 'സോനു കെ ടിറ്റു കി സ്വീറ്റി'യിലെ പ്രകടനം നടനെന്ന നിലയിൽ കാർത്തിക്കിന് ഗുണം ചെയ്‌തു. 'ലുക്കാ ചുപ്പി', 'പതി പട്‌നി ഔർ വോ' തുടങ്ങിയ സിനിമകളിലൂടെ മികച്ച പ്രകടനം നടത്തിയത് കാർത്തികിന്റെ കരിയർ ഗ്രാഫ് ഉയർത്തി.
കൊവിഡ് കാലവും കരൺ ജോഹർ ചിത്രവും
കരൺ ജോഹർ ചിത്രമായ 'ദോസ്താന 2'ൽ അവസരം ലഭിച്ചുവെങ്കിലും പിന്നീടുള്ള സംഭവവികാസങ്ങൾ താരത്തിന്റെ കരിയറിനെ ബാധിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. കൊവിഡ് മഹാരിമൂലം 'ദോസ്താന 2' ന്റെ ഷൂട്ടിംഗ് വൈകി. ഈ സമയം ആര്യൻ 'ധമാക്ക'യിലൂടെ തന്റെ കഴിവ് തെളിയിച്ചു. ഈ സിനിമയിലൂടെ സങ്കീർണ്ണമായ വേഷങ്ങൾ ചെയ്യാൻ തനിക്ക് കഴിവുണ്ടെന്ന് ആര്യൻ തെളിയിച്ചു.
എന്നാൽ 'ദോസ്താന 2'ൽ നിന്ന് കാർത്തിക് ആര്യനെ അപ്രതീക്ഷിതമായി പുറത്താക്കി. ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരണ്‍ ജോഹര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് വിമർശകർ കുറിച്ചു. മറ്റൊരു സുശാന്ത് സിംഗ് രജ്‌പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുകയാണെന്നും ഇക്കൂട്ടർ ആരോപിച്ചു.

ഷെഡ്യൂളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടി വെക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചുവെങ്കിലും ധമാക്കയിൽ കാര്‍ത്തിക് അഭിനയിക്കാന്‍ പോയത് അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നാണ് വിവരങ്ങൾ.
നിയമാനുസൃതമായ കാരണങ്ങളില്ലാതെ ഒരു നടനെ സിനിമയിൽ നിന്ന് ഒഴിവാക്കുന്നത് വളരെ അപൂർവമാണ്. പ്രഖ്യാപനം കഴിഞ്ഞ് സിനിമയുടെ ഒരു നിശ്ചിത ഭാഗം ചിത്രീകരിച്ചതിന് ശേഷമായിരുന്നു ആര്യനെ പുറത്താക്കിയത്. പിന്നാലെ പല ചിത്രങ്ങളിൽ നിന്നും താരത്തെ ഒഴിവാക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു. കരണും കാര്‍ത്തിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും വാർത്തകൾ പ്രചരിച്ചു. 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഒഴിവാക്കിയത്. ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നും ധര്‍മ്മ പ്രൊഡക്ഷന്‍സ് തീരുമാനിച്ചിരുന്നു.
നടനെക്കുറിച്ച് മോശം കഥകൾ പ്രചരിച്ചു. കരിയർ തന്നെ ആശങ്കയിലായി. എന്നാൽ കാർത്തിക് പലപ്പോഴും മൗനം പാലിച്ചു. ഗോസിപ്പുകളിൽ മൗനം പാലിച്ചതിന് താരത്തെ അനുകൂലിച്ചും ആളുകൾ എത്തി. ഒടുവിൽ എല്ലാ വിവാദങ്ങൾക്കും ഫുൾസ്‌റ്റോപ്പിട്ട് കൊണ്ട് കാർത്തിക് ആര്യന്റെ ചിത്രം ബോക്‌സോഫീസിൽ നേട്ടം കൊയ്യുകയാണ്, കങ്കണയെപ്പോലും പിന്തള്ളിക്കൊണ്ട്.