banks

കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം (2021-22)​ വർദ്ധന 110 ശതമാനം. 2020-21ലെ സംയുക്തലാഭമായ 31,​816 കോടി രൂപയിൽ നിന്ന് 66,​539 കോടി രൂപയിലേക്കാണ് കുതിപ്പ്.

കിട്ടാക്കടം കുത്തനെ താഴ്ന്നതാണ് ബാങ്കുകൾക്ക് കരുത്തായത്. കൊവിഡ് കാലത്ത് റിസർവ് ബാങ്ക് പൊതുവിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കിയത് പലിശയിനത്തിൽ മികച്ച വരുമാനവും അതുവഴി ലാഭവും ഉറപ്പാക്കി. പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനാനന്തരം അവയുടെ സമ്പദ്‌സ്ഥിതി മെച്ചപ്പെട്ടതും ഗുണം ചെയ്‌തു. കൊവിഡ് ഭീതി അയഞ്ഞതോടെ റീട്ടെയിൽ ഉൾപ്പെടെയുള്ള സുപ്രധാനമേഖലകൾ ഉണർവിലേറിയതും ബാങ്കുകൾക്ക് നേട്ടമായി.

എസ്.ബി.ഐക്കരുത്ത്

കഴിഞ്ഞവർഷത്തെ മൊത്തം ലാഭത്തിൽ 47 ശതമാനവും എസ്.ബി.ഐയുടേതാണ്. 31,675 കോടി രൂപയാണ് എസ്.ബി.ഐ കുറിച്ചത്. ബാങ്ക് ഒഫ് ബറോഡ (7,​272 കോടി രൂപ)​,​ കനറാ ബാങ്ക് (5,​678 കോടി രൂപ)​ എന്നിവയാണ് ലാഭത്തിൽ മുന്നിലെത്തിയ മറ്റ് രണ്ടു ബാങ്കുകൾ.

 കഴിഞ്ഞവർഷത്തേക്കായി പൊതുമേഖലാ ബാങ്കുകൾ പ്രഖ്യാപിച്ച മൊത്തം ലാഭവിഹിതം 8,​000 കോടി രൂപ.

സ്വകാര്യബാങ്കുകൾ

ബഹുദൂരം മുന്നിൽ

പൊതുമേഖലാ ബാങ്കുകളേക്കാൾ സ്വകാര്യബാങ്കുകളുടെ ലാഭം ബഹുദൂരം ഉയരത്തിലാണ്. 36,​961 കോടി രൂപയാണ് കഴിഞ്ഞവർഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മാത്രം ലാഭം.

ഐ.സി.ഐ.സി.ഐ ബാങ്ക് (23,​339 കോടി രൂപ)​,​ ആക്‌സിസ് ബാങ്ക് (13,​025 കോടി രൂപ)​,​ കോട്ടക് മഹീന്ദ്ര ബാങ്ക് (8,​572 കോടി രൂപ)​,​ ഇൻഡസ്ഇൻഡ് ബാങ്ക് (4,​611 കോടി രൂപ)​,​ ഫെഡറൽ ബാങ്ക് (1,​889 കോടി രൂപ)​ എന്നിവയും മികച്ചലാഭം കുറിച്ചു.