
തുടക്കക്കാലത്ത് പുരുഷന്മാർ മാത്രം നിറഞ്ഞു നിന്നിരുന്നയിടമായിരുന്നു ഫുഡ് ഡെലിവറി. ഇന്ന് പക്ഷേ ആ അവസ്ഥയ്‌ക്ക് മാറ്റം വന്നു. മറ്റേത് മേഖലയും പോലെ ഇവിടേക്കും നിരവധി പെൺകുട്ടികൾ എത്തിത്തുടങ്ങി. തമിഴ്‌നാട്ടിലെ ഹോസുറിലെ സൊമാറ്റോ ഫുഡ് ഡെലിവറി ഗേളായ ധനലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.
അച്ഛൻ ചെറുപ്പത്തിലേ നഷ്ടമായി. അമ്മയെ ഈ അടുത്തകാലത്താണ് ധനലക്ഷ്‌മിക്ക് നഷ്ടമായത്. ഹോസുറിൽ തനിച്ചാണ് താമസം. രണ്ട് മൂത്ത സഹോദരിമാരുണ്ട്. അവരുടെ മക്കളുടെ കളികളും ചിരിയുമൊക്കെയാണ് ഇന്ന് ധനലക്ഷ്മിയുടെ സങ്കടങ്ങളെല്ലാം മായ്‌ക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്.
കുഞ്ഞുന്നാൾ മുതലേ സ്‌പോർട്‌സിനോടാണ് ഇഷ്ടം. ബാഡ് മിൻഡൺ സ്റ്റേറ്റ് പ്ലെയറാണ്. സ്കൂളിൽ പി ടി ടീച്ചറാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, വിധി ധനലക്ഷ്മിയുടെ ജീവിതത്തിൽ മറ്റൊന്നായിരുന്നു എഴുതി ചേർത്തത്.
അമ്മയുടെ മരണശേഷം ഒരുപാട് കഷ്ടപ്പെട്ടു. തീർത്തും ഒറ്റയ്‌ക്കായി. പഠനവും മുടങ്ങി. എങ്ങനെയാണ് അതിജീവിച്ചതെന്ന് അറിയില്ല. സൊമാറ്റോയിൽ ജോലിയുള്ള ഒരു സുഹൃത്ത് വഴിയാണ് ധനലക്ഷ്മിയും ഇവിടെ ജോലിക്ക് കയറുന്നത് . യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടുന്നതുകൊണ്ട് ഈ ജോലി സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നുവെന്നാണ് ധനലക്ഷ്മി പറയുന്നത്.
എന്റെ ഹെയർസ്റ്റൈലും വേഷവും കാണുമ്പോൾ പലരും കരുതുന്നത് ആൺകുട്ടിയാണെന്നാണ്. ഹെൽമറ്റ് മാറ്റുമ്പോഴാണ് ഞാനൊരു സ്ത്രീയാണെന്ന് പലരും അറിയുന്നത്. അതുകൊണ്ട് കൂടിയാകും ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല.
അജിത്തിന്റെ കടുത്ത ആരാധികയാണ് ഞാൻ. എന്റെ ബൈക്കിൽ അദ്ദേഹത്തിന്റെ ചിത്രം ഒട്ടിച്ചിട്ടുണ്ട്. ഹോസുറിലെ ഏക ഡെലിവറി വുമൺ ഒരുപക്ഷേ ഞാനായിരിക്കും. കൂടെയുള്ള ആൺസുഹൃത്തുക്കളെല്ലാം നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്നവരാണ്. രാത്രി വൈകിയാലെല്ലാം അവരെന്നെ വിളിച്ച് അന്വേഷിക്കാറുണ്ട്. ധനലക്ഷ്മി പറയുന്നു.