
സിനിമാ ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്ന അവസരത്തിലാണ് താരത്തിന് പരിക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം.
കാലിൽ പരിക്കേറ്റ ആസിഫ് അലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. താരത്തിനോട് ഡോക്‌ടർമാർ വിശ്രമം എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് താരം ഡിസ്‌ചാർജായി.
നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനിടയിലാണ് അപകടമുണ്ടായത്. തുടർന്ന് ചിത്രീകരണം നിർത്തിവച്ചു.
റൊമാന്റിക്ക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. ആസിഫ് അലിയെക്കൂടാതെ സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.