ilyushin-il-76

ഉമ്മൽ ഖുവൈൻ: യു എ ഇയിലെ ഇ11 ഹൈവേയിലൂടെ യാത്ര ചെയ്തിട്ടുള്ളവരെല്ലാം കൗതുകത്തോടെ കണ്ടു നിൽക്കുന്ന ഒരു സംഭവമുണ്ട്. ഉമ്മൽ ഖുവൈനിലെ ബരാക്കുഡ ബീച്ച് റിസോർട്ടിന് സമീപത്ത് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു പടുകൂറ്റൻ വിമാനം കിടപ്പുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ആർക്കും വേണ്ടാതെ ആ വിമാനം അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്.

പടുകൂറ്റൻ എന്ന വിമാനം എന്ന് കേൾക്കുമ്പോഴേ ഊഹിക്കാവുന്നതേയുള്ളു അത് ആരുടെയാണെന്നുള്ളത്. അതെ റഷ്യയുടേത് തന്നെ. ശരിക്ക് പറഞ്ഞാൽ സോവിയറ്റ് യൂണിയന്റെ ദി ഇല്യൂഷിൻ ഐ എൽ എന്ന വിമാനമാണ് ദയനീയമായ ആ കിടപ്പ് കിടക്കുന്നത്. 153 അടി നീളമുള്ള ഈ വിമാനം ഇപ്പോൾ പൊളിച്ചുനീക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഇത് മൊത്തത്തിൽ പൊളിച്ചുനീക്കാൻ പത്ത് അഴ്ചയെടുക്കുമെന്നാണ് എയറോനോട്ടിക്കൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ചിലപ്പോൾ അതിലധികം കാലം വേണ്ടി വന്നേക്കാം.

ilyushin-il-76

ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ യുദ്ധ വിമാനങ്ങളുടെ കൂട്ടത്തിൽ മുൻ നിരക്കാരനായിരുന്നു നാല് എഞ്ചിനുകളുള്ള ഐ എൽ 76. ടർബോഫാൻ സ്ട്രാറ്റജിക് എയർലിഫ്ടർ ഗണത്തിൽപ്പെട്ട ഇവ ആന്റനോവ് ആൻ 12 ന്റെ പകരക്കാരനായാണ് ഇതിനെ തയ്യാറാക്കിയത്. ചരക്കുകൾ വഹിക്കുന്നതിനുള്ള ഒരു കാർഗോ വിമാനമായാണ് ഐ എൽ 76 നെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. വളരെ ദൂരത്തിലുള്ള പ്രദേശങ്ങളിലേക്ക് വലിയ യന്ത്രങ്ങൾ എത്തിക്കുക എന്നതായിരുന്നു പ്രധാന ധർമം. ഇതിന്റെ തന്നെ സൈനിക പതിപ്പിനെ ആകാശത്ത് വച്ച് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ഏരിയൽ റീഫ്യുവലിംഗ് ടാങ്കറായും, കമാൻഡ് സെന്ററായും ഉപയോഗിച്ചിരുന്നു.

ilyushin-il-76

എയർ ഡാറ്റാ ട്രാൻസ്പോർട്ട് ഡാറ്റാ ബാങ്കിന്റെ കണക്കനുസരിച്ച്, ഉമ്മൽ ഖുവൈനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഈ ഫ്ലൈറ്റ് നിർമിച്ചത് 1975 ലാണ്. 80കളുടെ തുടക്കത്തിൽ ഈ വിമാനം സോവിയറ്റ് യൂണിയന്റെ സൈനിക വിമാനമായിരുന്നു. സിസിസിപി - 86715 എന്ന രജിസ്ട്രേഷനിലാണ് ഇത് സൈന്യത്തിനായി പറന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഈ വിമാനം റഷ്യൻ വ്യോമസേനയുടെ കൈകളിലെത്തി. പിന്നാലെ തൊണ്ണൂറുകളുടെ തുടക്കത്തിൽ ഷാർജ ആസ്ഥാനമായുള്ള എയർ സെസിന് വിറ്റു. കുപ്രസിദ്ധ ആയുധ വ്യാപാരിയായ വിക്ടർ ബൗട്ടിന്റെ സഹോദരൻ സെർജി ബൗട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു എയർ സെസ്.


അതിന് ശേഷം ഈ വിമാനത്തെ എയർ പാസ് എന്ന കമ്പനി ഏറ്റെടുത്തു. എന്നാൽ സിവിൽ ഏവിയേഷൻ നിയമത്തിന്റെ 146 ഓളം ലംഖനങ്ങൾ നടത്തിയതായി കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി എയർ സെസ് ചുമത്തിയതോടെ ഈ കമ്പനി പിരിച്ചുവിട്ടു. പിന്നാലെ സെർജി ബൗട്ട് കമ്പനിയുടെ പേര് മാറ്റി സെൻട്രാഫ്രിക്കൻ എയർലൈൻസ് എന്ന പേരിൽ പുനസംഘടിപ്പിച്ചു. ഐ എൽ 76 വിമാനത്തിന്റെ അവസാന ഉടമ സെൻട്രാഫ്രിക്കൻ എയർലൈൻസായിരുന്നു.

ilyushin-il-76

സെർജി ബൗട്ടിന്റെ പേരിൽ ആയിരുന്ന വിമാന കമ്പനി ശരിക്കും സഹോദരൻ വിക്ടർ ബൗട്ടിന്റേതായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. സ്ഥാപനത്തിന്റെ ദൈനംദിന മാനേജുമെന്റിൽ അദ്ദേഹം ഉൾപ്പെട്ടിട്ടില്ലെങ്കിലും, കമ്പനിക്കായി വിമാനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള കരാറുകളിലും പാട്ടത്തിനെടുക്കുന്ന രേഖകളിലും വിക്ടർ ബൗട്ട് ഒപ്പുവെക്കുന്നതായി യുഎൻ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പ്രശ്നബാധിത മേഖലകളിലേക്ക് നിരവധി അനധികൃത ആയുധ കയറ്റുമതിയുമായി സ്ഥാപനം ബന്ധപ്പെട്ടിരിക്കുന്നുവെന്നും യുഎൻ പ്രസ്താവിച്ചു. ഇതോടെ 2001 ൽ സെൻട്രാഫ്രിക്കൻ എയർലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു.


ഐ എൽ 76 വിമാനം എങ്ങനെയാണ് ഉമ്മൽ ഖുവൈനിൽ എത്തിയതെന്ന് പല കഥകളും നിലവിലുണ്ട്. ഒരു പരസ്യ കമ്പനിയാണ് ഇത് വാങ്ങിയതെന്നും, ഇതിനെ ഒരു ഗേറ്റ് ഗാ‌ഡ് എന്ന നിലയിലാണ് അവർ ഉപയോഗിക്കാൻ ഉദ്ദേശിച്ചതെന്നും ചിലർ വിശ്വസിക്കുന്നു. ഒരു റെസ്റ്റോറന്റാക്കി ഉപയോഗിക്കാനാണ് ഇതിനെ മരുഭൂമിയിലേക്ക് എത്തിച്ചതെന്നും പറയപ്പെടുന്നു. വിമാനത്തിന്റെ ഭാഗങ്ങളിൽ പ്രാദേശിക തലത്തിലുള്ള ഒരു ഹോട്ടലിന്റെ അടയാളങ്ങൾ കൊത്തിവച്ചതുപോലെ കാണപ്പെട്ടതുകൊണ്ട് ഈ വാദങ്ങൾ ശരിയാണെന്നാണ് അവരുടെ വാദം.

ilyushin-il-76

വിക്ടർ ബൗട്ടിന്റെ ജീവിതത്തെക്കുറിച്ച് ഡഗ് ഫറയുടെ 'മർച്ചന്റ് ഓഫ് ഡെത്ത്: മണി, ഗൺസ്, പ്ലെയൻസ്, ആന്റ് ദ മാൻ ഹു മേക്ക്സ് വാർ പോസിബിൾ' എന്ന പുസ്തകത്തിലും ഈ പ്ലെയിൻ ഇവിടെ എത്തിയതിനെ പറ്റി പറയുന്നണ്ട്. കാലപ്പഴക്കം ചെന്ന ഈ വിമാനത്തെ യു എ ഇയിലെ ഒരു പരസ്യ കമ്പനിയ്ക്ക് വിറ്റുവെന്നും, ഹൈവേയിലെ ഒരു പരസ്യ ബോർഡാക്കി മാറ്റുക എന്നതായിരുന്നു അതിന് പിന്നിലെ ലക്ഷ്യമെന്നും പറയുന്നുണ്ട്.

വിമാനത്തെ യു എ ഇയിലേക്ക് എത്തിക്കുന്നതിനായി ഒരു പൈലറ്റിനെ കണ്ടെത്തിയപ്പോഴാണ് മറ്റൊരു പ്രശ്നം ഉരുത്തിരിഞ്ഞത്. വിമാനത്തിന്റെ നാല് എഞ്ചിനുകളിൽ മൂന്നെണ്ണം മാത്രമേ പ്രവർത്തിക്കു. അതിനാൽ തന്നെ ഇത് പറത്താൻ വിക്ടർ ഏർപ്പാടാക്കിയ പൈലറ്റിന് കഴിയില്ലെന്ന് പറഞ്ഞു. 20,000 ഡോളർ വാഗ്ദാനം ചെയ്തുകൊണ്ട് വിക്ടർ പൈലറ്റിനെക്കൊണ്ട് വിമാനം എടുപ്പിച്ചു. യാത്രാമദ്ധ്യേ ഇതിന്റെ മറ്റ് എഞ്ചിനുകൾ പൊട്ടിത്തെറിക്കുകയുണ്ടായി.

എന്നാലും അതിനെ പതിയെ താഴെയുള്ള മരുഭൂമിയിലേക്ക് ഇറക്കാൻ പൈലറ്റിനായി. അങ്ങനെയാണ് ഇത് യു എ ഇയിലെ ഇ11 ഹൈവേയിലെത്തിയത്. 1999 ന്റെ അവസാനത്തിലാണ് ഈ സംഭനങ്ങളെല്ലാം നടക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ വിമാനങ്ങൾ ഉപയോഗിച്ച് ആയുധം കടത്തി എന്ന പേരിൽ 2000 ന്റെ തുടക്കത്തിൽ ബൗട്ടിനെ യു എ ഇ യിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി. അതോടെ ഇല്യൂഷിൻ ഐ.എൽ. 76 ആ മരുഭൂമിയിൽ കിടപ്പായി. ഇല്യൂഷിൻ മരുഭൂമിയിലേക്ക് പറന്നിറങ്ങുന്ന ഒരു വീഡിയോയും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പരക്കുന്നുണ്ട്.

ഇപ്പോൾ രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. സോവിയറ്റ് യൂണിയന്റെ പ്രൗഡി മുഴുവൻ ആവാഹിച്ച പോലെയാണ് അവരുടെ വിമാനങ്ങൾ പലതും രൂപകൽപന ചെയ്തിരിക്കുന്നത്. അത്തരത്തിൽ ഒന്നു തന്നെയായിരുന്നു ഇല്യൂഷിനും. എന്നാൽ സോവിയറ്റ് യൂണിയന് വന്ന അതേ അവസ്ഥ തന്നെ ഈ വിമാനത്തിനും വന്നു. യു എ ഇയിലെ റോഡരികിൽ യാത്രക്കാരുടെ കൗതുകത്തിന് മാത്രം പാത്രമായി പല്ലുകൊഴിഞ്ഞ സിംഹത്തെ പോലെയുള്ള കിടപ്പായിരുന്നു ഇത്ര കാലവും ഇതിന്റേതും. ഇനിയില്ല ആ കൗതുകക്കാഴ്ച. പൊളിച്ചുനീക്കാനെടുക്കുന്ന പത്ത് മാസം കൂടി മാത്രമേ ഇനി ഇല്യൂഷിന് ആ പാതയോരത്ത് മണൽകാറ്റേറ്റ് കിടക്കേണ്ടി വരികയുള്ളു.