.

modi

ന്യൂഡൽഹി: കൊവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായുള്ള സഹായപദ്ധതിയായ 'പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രന്റെ' ആനുകൂല്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ബിജെപി സർക്കാർ അധികാരത്തിലെത്തി എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് 112 കുട്ടികൾക്കാണ് പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നത്. ജില്ലാ മജിസ്ട്രേറ്റുമാരാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്.

അടിസ്ഥാന ആവശ്യങ്ങൾക്കായി മാസം നാലായിരം രൂപ, സ്‌കൂൾ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ്, ആയുഷ്‌മാൻ ഭാതര് ഹെൽത്ത് കാർഡ് വഴി അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളാണ് നൽകുന്നത്. 18 മുതൽ 23 വയസുവരെയുള്ളവർക്ക് മാസം തോറും പ്രത്യേക സ്റ്റൈപൻഡ് നൽകും. 23 വയസാകുമ്പോൾ പത്ത് ലക്ഷം രൂപയും പദ്ധതിപ്രകാരം ലഭിക്കും. വിവിധ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം ആ സ്ഥാപനത്തിനായിരിക്കും നൽകുക.

ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നിവ ഉറപ്പാക്കും. കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പക്കും അവസരമുണ്ടാകും.

'കൊവിഡിനെത്തുടർന്ന് കുടുംബാംഗങ്ങളുടെ അവസ്ഥ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് തനിക്കറിയാം. മഹാമാരിയിൽ മാതാപിതാതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. മാതാപിതാക്കളുടെ വാത്സല്യത്തിന് പകരം വയ്ക്കാൻ ഒരു സഹായത്തിനുമാവില്ല. എന്നാൽ അവരുടെ സഹായത്തിനായി 'മാ ഭാരതി' ഒപ്പമുണ്ട്. പി എം കെയേഴ്‌സിലൂടെ ഇന്ത്യ അത് നിറവേറ്റുകയാണ്'- പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

No effort/support can replace the affection of your parents. In their absence, 'Maa Bharti' is with you. India is fulfiling this through PM Cares. This isn't just a mere effort of one individual, institution or govt. In PM Cares, people have added their hard-earned money: PM Modi pic.twitter.com/c5zIuOfqvh

— ANI (@ANI) May 30, 2022