നാടോടിക്കാറ്റിൽ മോഹൻലാലിനോടും ശ്രീനിവാസനോടും തർക്കിക്കുന്ന കറവക്കാരനെ മലയാളികൾ ഇന്നും മറന്നിട്ടുണ്ടാകില്ല. ചെറിയ വേഷത്തിലാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം രാജൻ പാടൂരിന്റെ വാക്കുകളിൽ ഇപ്പോഴുമുണ്ട്.

നാടകങ്ങളോടായിരുന്നു ചെറുപ്പം മുതൽ ആഭിമുഖ്യം. സിനിമയിലെത്തിയെങ്കിലും വലിയ വേഷങ്ങളൊന്നും കിട്ടിയില്ല. സിനിമ വച്ച് രക്ഷപ്പെടാനും കഴിഞ്ഞില്ല. നാടോടിക്കാറ്റ് കഴിഞ്ഞാൽ നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ ചാക്കു നിറയെ ബോംബുമായി വിൽപ്പനയ്‌ക്കെത്തുന്ന കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.

നാടോടിക്കാറ്റിൽ കൂളിംഗ് ഗ്ലാസ് വച്ച് പാൽകറക്കാൻ വരുന്നത് കണ്ട് പ്രേക്ഷകർ ഒത്തിരി ചിരിച്ചിട്ടുണ്ട്. പക്ഷേ സിനിമയിൽ നിന്നും കൂടുതൽ വേഷങ്ങളൊന്നും തേടി വന്നില്ലെന്നത് ഒരു സങ്കടമായി തന്നെ ഉള്ളിലുണ്ട്.

ആറ് പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയക്കേണ്ട പ്രാരാബ്ധത്തിൽ കിടപ്പാടം പോലും വിൽക്കേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷമാണ് സ്വന്തമായി ഒരു വീട് ഉണ്ടായത്. കുതിരവട്ടം പപ്പു ഉൾപ്പെടെയുള്ള അഭിനയ പ്രതിഭകളോടൊപ്പം അരങ്ങു പങ്കിട്ടെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ കലാജീവിതത്തിന് തടസമായി.

നാടകങ്ങൾ നിരവധി ചെയ്തിട്ടുണ്ടെിലും അതിൽ നിന്നൊന്നും കാര്യമായ വരുമാനമുണ്ടായിരുന്നില്ല. ജീവിതത്തിൽ വലുതായൊന്നും നേടാനും പറ്റിയില്ല. അമ്മ സംഘടനയിൽ നിന്നും പെൻഷൻ കിട്ടുന്നതാണ് ഏക ആശ്വാസം.

film