2008ലെ മുംബയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജർ'. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂൺ മൂന്നിന് തീയേറ്ററുകളിൽ എത്തും. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഈ അവസരത്തിൽ തന്റെ പ്രിയപ്പെട്ട മലയാള സിനിമയെ കുറിച്ചും മേജർ സിനിമയിലെ അനുഭവങ്ങളും പങ്കുവയ്‌ക്കുകയാണ് ആദിവി ശേഷ്. മേജറിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.
അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം കുമ്പളങ്ങി നൈറ്റ്സാണ്. അയ്യപ്പനും കോശിയും ഒരുപാട് ഇഷ്ടപ്പെട്ടു. ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനമാണെന്നും ആദിവി ശേഷ് പറഞ്ഞു. സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നെന്നും കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു.
നടന്‍ മഹേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്‍റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്‍റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമെത്തുന്ന ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
