
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'മതഭീകരവാദികളുടെ അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതഭീകരവാദ ശക്തികളെ സഹായിക്കുമ്പോൾ ഹൈന്ദവരും ക്രൈസ്തവരും തുല്ല്യ ദുഃഖിതരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിന്റെ വോട്ടിന് വേണ്ടി എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായി പോപ്പുലർ ഫ്രണ്ട് വിലപേശൽ നടത്തുകയാണ്. ഇത് ഹൈന്ദവ - ക്രൈസ്തവ വോട്ടർമാർ തിരിച്ചറിയും' സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതഭീകരവാദികളുടെ വോട്ടിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇത് ഹൈന്ദവ - ക്രൈസ്തവ വിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. താമരശ്ശേരി ബിഷപ്പ് പറഞ്ഞത് അതാണ്. പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ പോയിട്ട് തിരിച്ചു വരേണ്ടി വന്നത് കേരള പൊലീസിന് നാണക്കേടായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.