akgsma

കൊച്ചി: സ്വർണ വ്യാപാരമേഖലയിൽ നിന്നുള്ള നികുതിവരുമാനം കുറഞ്ഞെന്ന് ആരോപിച്ച് വ്യാപാരികളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികൾക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കൊച്ചിയിൽ ചേർന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന കൗൺസിൽ വ്യക്തമാക്കി.

കള്ളക്കടത്ത് സ്വർണത്തിന്റെ വഴികൾ അന്വേഷിക്കാതെ അതുമുഴുവൻ ചില്ലറ വ്യാപാരികളാണ് വിൽക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അപലപനീയമാണ്. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ കടകളടച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ച കൗൺസിൽ വ്യക്തമാക്കി. രക്ഷാധികാരി ബി.ഗിരിരാജൻ ഉദ്ഘാടനം ചെയ്‌തു.

ജൂലായ് 3ലെ സംസ്ഥാന സമ്മേളനം, ജൂലായ് രണ്ടുമുതൽ നാലുവരെ നടക്കുന്ന എക്‌സിബിഷൻ എന്നിവ വിജയിപ്പിക്കാൻ ഡോ.ബി.ഗോവിന്ദൻ (ചെയർമാൻ), കെ.സുരേന്ദ്രൻ (വൈസ് ചെയർമാൻ), അഡ്വ.എസ്.അബ്ദുൽ നാസർ (കൺവീനർ) എന്നിവരുൾപ്പെടുന്ന സ്വാഗതസംഘം രൂപീകരിച്ചു.

പുതിയ നേതൃത്വം

എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റായി ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറിയായി കെ.സുരേന്ദ്രൻ, ട്രഷററായി അഡ്വ.എസ്.അബ്ദുൽനാസർ എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

റോയ് പാലത്ര, പി.കെ.അയ്മുഹാജി (വർക്കിംഗ് പ്രസിഡന്റുമാർ), സി.വി.കൃഷ്‌ണദാസ് (വർക്കിംഗ് ജനറൽ സെക്രട്ടറി), ബി.പ്രേമാനന്ദ്, സ്കറിയാച്ചൻ, പി.ടി.അബ്ദുൽ റഹ്മാൻ, അർജുൻ ഗെയ്‌ക്‌വാദ്, ഹാഷിം കോന്നി, എ.കെ.വിനീത്, നവാസ് പുത്തൻവീട്, രത്നകല രത്നാകരൻ, വിൽസൺ ഇട്ടിയവീര (വൈസ് പ്രസിഡന്റുമാർ), കണ്ണൻ ശരവണ, നസീർ പുന്നയ്ക്കൽ, അഹമ്മദ് പുവ്വിൽ മെജസ്‌റ്റിക്, എം.വി.പ്രകാശ്, കെ.ടി.അബൂബക്കർ കുഞ്ഞുട്ടി, എസ്.പളനി, എം.വി.അബ്ദുൽ അസീസ്, അരുൺ നായ്ക്ക്, മുഹമ്മദ് ഫൈസൽ, സക്കീർ ഹുസൈൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.