pulwama

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമ ജില്ലയിൽ ഗുന്ദിപൊര ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരനെ വധിച്ചതായി കാശ്‌മീർ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിജയ്‌കുമാർ അറിയിച്ചു. ഇവരിൽ നിന്ന് രണ്ട് എ.കെ. 47 തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.

ജയ്ഷെ മുഹമ്മദ് ഭീകരനായ റെയാസ് അഹമ്മദാണ് കൊല്ലപ്പെട്ടവരിലൊരാൾ. മേയ് 13ന് പുൽവാമയിൽ പൊലീസ് കോൺസ്റ്റബിളിനെ വെടിവച്ചുകൊന്ന കേസിൽ പ്രതിയാണിയാളെന്നും പൊലീസ് പറഞ്ഞു.

ഏറ്റുമുട്ടൽ തുടരുകയാണെന്നും പ്രദേശത്ത് ഒരു ഭീകരൻ കൂടി ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പ്രദേശത്ത് ഭീകരർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ചയാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്.