
തിരുവനന്തപുരം: സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തിൽ സൗജന്യമായി കരസ്ഥമാക്കാൻ അവസരം. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിൽ ഒരുക്കിയിട്ടുള്ള 'എന്റെ കേരളം' പ്രദർശന മേളയിലെ വനിതാ കമ്മിഷൻ സ്റ്റാളിലാണ് സ്ത്രീസംരക്ഷണ നിയമ പുസ്തകം സൗജന്യമായി ലഭിക്കുന്നത്. ഇതിന് പുറമേ സ്ത്രീകൾക്ക് തത്സമയം പരാതി നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകൾക്ക് കൂടുതലായി പരാതിയുണ്ടാകാറുളള ഗാർഹിക പീഡനം നിയമം സൂക്ഷ്മതലത്തിൽ ഒറ്റനോട്ടത്തിൽ അറിയുന്ന വിധം തീം ഒരുക്കിയാണ് സ്റ്റാൾ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിനായി ഓൺലൈൻ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും,കമ്മിഷനെ കുറിച്ച് കൂടുതലറിയാനുള്ള സൗകര്യവും പ്രദർശന മേളയിൽ ഒരുക്കിയിട്ടുണ്ട്.