
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ഡിപ്പോയിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. ഡിപ്പോ എഞ്ചിനിയർ മനോജാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സഹപ്രവർത്തകരാണ് മൃതദേഹം ആദ്യം കണ്ടത്.
കണ്ണൂർ ഡിപ്പോ എഞ്ചിനിയറായ മനോജിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. ഒരാഴ്ച മുമ്പായിരുന്നു തിരുവനന്തപുരത്ത് ജോലിക്കെത്തിയത്. വന്ന ദിവസം മുതൽ ആരോടും വലിയ സംസാരമുണ്ടായിരുന്നില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
വീട് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തികപ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും അറിയുന്നുണ്ട്. ബാങ്കിൽ ലോണിന് ചെന്നപ്പോൾ കെഎസ്ആർടിസി ജീവനക്കാർക്ക് ലോൺ നൽകാനാകില്ലെന്ന് പറഞ്ഞുവെന്നാണ് മനോജിന്റെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.