
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്‌തു. കാസർകോട് ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. രാജപുരം സ്‌കൂളിലെ പാചകത്തൊഴിലാളി വിമലയാണ് മകൾ രേഷ്‌മയെ (28) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്.
സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിലെ അന്തേവാസിയായിരുന്ന രേഷ്‌മ വീട്ടിൽ വന്നശേഷം തിരികെ പോകാൻ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ ദുരന്തമുണ്ടാകുകയുമായിരുന്നു. രേഷ്‌മയെ വീട്ടിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. വിമല തൂങ്ങിമരിച്ച നിലയിലായിരുന്നു. രേഷ്‌മയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം വിമല ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭ്യമായ വിവരം. തിങ്കളാഴ്‌ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്.