
ബംഗളൂരു: ദേശീയ പതാകയുടെ പേരിൽ വിവാദ പരാമർശവുമായി ബിജെപി നേതാവ്. ഭാവിയിൽ ദേശീയ പതാകയായ ത്രിവർണ പതാക മാറി കാവി പതാകയായ ഭാഗവ ധ്വജം ദേശീയപതാകയാകുമെന്നാണ് കർണാടക മുൻ മന്ത്രിയായ കെ.എസ് ഈശ്വരപ്പ അഭിപ്രായപ്പെട്ടത്. ത്യാഗത്തിന്റെ പ്രതീകമാണ് ഭാഗവധ്വജമെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു.
ഏറെകാലമായി ഈ രാജ്യത്ത് ബഹുമാനിക്കപ്പെടുന്ന കൊടിയാണ് ഭാഗവധ്വജം. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം അതിനുണ്ട്. ത്യാഗത്തിന്റെ പ്രതീകമാണ് കാവിക്കൊടി. അത് വളർത്തിയെടുക്കാനാണ് കാവി പതാകയ്‌ക്ക് മുൻപിൽ പ്രാർത്ഥിക്കുന്നതെന്നും കെ.എസ് ഈശ്വരപ്പ പറഞ്ഞു. ഈ രാജ്യത്ത് ഇന്നോ അല്ലെങ്കിൽ എന്നെങ്കിലുമൊരുനാൾ കാവി പതാക ദേശീയപതാകയാകുമെന്നതിൽ സംശയമേയില്ല. ഈശ്വരപ്പ അഭിപ്രായപ്പെടുന്നു.
'കോൺഗ്രസ് പറയുമ്പോഴെല്ലാം ത്രിവർണ പതാക ഉയർത്തേണ്ട കാര്യമില്ല. ഭരണഘടനയനുസരിച്ച് ദേശീയപതാകയാണ് ത്രിവർണപതാക. അതിന് നമ്മൾ ബഹുമാനം നൽകുന്നുണ്ട്.' ഈശ്വരപ്പ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച കോൺട്രാക്‌ടർ ആത്മഹത്യ ചെയ്‌ത സംഭവത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നയാളാണ് ഈശ്വരപ്പ.