മലയാളികളുടെ സ്വന്തം ഉത്സവമാണ് തൃശൂർ പൂരം. പൂരാഘോഷത്തിൽ പ്രധാനമായ കുടമാറ്റവും പൂരം വെടിക്കെട്ടും നടത്തുന്ന പാറമേക്കാവ് ദേവസ്വവും തിരുവമ്പാടി ദേവസ്വവും. ഇതിൽ പാറമേക്കാവ് ദേവസ്വത്തിന്റെ പൂരനായകനാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്ന പാറമേക്കാവ് ശ്രീപദ്മനാഭൻ. 2006 മുതൽ പാറമേക്കാവിന്റെ പ്രധാന ഗജരാജനാണ് പദ്‌മനാഭൻ.

padm

തൃശൂരിന്റെ അഭിമാനമായ പദ്മനാഭനൊപ്പം ഒരു പൂര അനുഭവമാണ് ഇത്തവണ ആനക്കാര്യത്തിൽ. 52 വയസാണ് പദ്മനാഭന്. പത്തടിയിലേറെ ഉയരം. രാമകൃഷ്‌ണൻ ചേട്ടനാണ് ഇപ്പോൾ പദ്മനാഭനെ വഴിനടത്തുന്നത്. കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള‌ള പല ക്ഷേത്രങ്ങളിലെയും സ്വർണക്കോലമേന്താൻ പദ്‌മനാഭന് കഴിഞ്ഞിട്ടുണ്ട്. വൈക്കം, ഏറ്റുമാനൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെല്ലാം ആന തിടമ്പേറ്റി. കേരളത്തിൽ ഏറ്റവും ഭാരമേറിയ ഉത്സവതിടമ്പായ ഉദയനാപുരത്തപ്പന്റെ തിടമ്പ് പദ്മനാഭൻ ഏറ്റിയിട്ടുണ്ട്.

ജന്മംകൊണ്ട് ബീഹാറിയായ പദ്മനാഭനെ കേരളത്തിലെത്തി 22 വർഷത്തിനിടെ രണ്ടേ രണ്ട് പാപ്പാന്മാർ മാത്രമാണ് വഴിനടത്തിയത്. തൃത്താല രാമചന്ദ്രൻ നായരാണ് ആദ്യം. 10 വർഷത്തോളം അദ്ദേഹം മുഖ്യപാപ്പാനായി. പിന്നീട് നാളിന്നോളം രാമകൃഷ്‌ണൻ ചേട്ടനാണ് വഴി നടത്തുന്നത്. നല്ല വൃത്തി വേണം ആനയ്‌ക്ക്. ഒരാനയുടെ അവശിഷ്‌ടം ചവിട്ടില്ല. മറ്റൊരാനയ്‌ക്കും തീറ്റ നൽകില്ല, ആനയുടെ തീറ്റ പിടിച്ചുവാങ്ങില്ല. എട്ട് മണിക്കൂർ വേണമെങ്കിലും എഴുന്നള‌ളിച്ച് നിൽക്കാവുന്ന ചിട്ട പദ്മനാഭനുണ്ട്.