vimala-
വിമല

കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയശേഷം പാചകത്തൊഴിലാളിയായ അമ്മ തൂങ്ങിമരിച്ചു. ബളാന്തോട് ബന്തടുക്ക റൂട്ടിൽ ചാമുണ്ഡിക്കുന്ന് ഓട്ടമലയലിലെ വിമല (58) ആണ് മകൾ രേഷ്മയെ (28) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന മകളെ പരിചരിക്കാൻ കഴിയാത്തതിലുള്ള വിഷമമാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. രേഷ്മയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാകാം എന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്. ഇന്നലെ വൈകുന്നേരം ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി വീടും മൃതദേഹങ്ങളും പരിശോധിച്ചു.

ചാമുണ്ഡിക്കുന്ന് ഗവ ഹൈസ്‌കൂളിലെ പാചകത്തൊഴിലാളിയാണ് വിമല. മകൾ രേഷ്മ എൻഡോസൽഫാൻ ദുരിത ബാധിത ആയതിനാൽ സാമൂഹ്യ നീതി വകുപ്പിന് കീഴിലെ കെയർ ഹോമിൽ പാർപ്പിച്ചിരുന്നു. അമ്മയുടെ നിര്യാണത്തെ തുടർന്ന് രേഷ്മയെ ആഴ്ചകൾക്കുമുമ്പാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഞായറാഴ്ച കെയർ ഹോമിലേക്ക് മടങ്ങേണ്ടതായിരുന്നെങ്കിലും രേഷ്മ തയ്യാറായിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മയും മകളും തമ്മിൽ വഴക്കുണ്ടായി. മകളെ സ്കൂളിലേക്ക് കൂട്ടാനും വീട്ടിൽ ഒറ്റക്ക് നിറുത്താനും കഴിയാത്ത അവസ്ഥയിലായിരുന്നു വിമല.

മനു, രഞ്ജിത്ത് എന്നിവർ സഹോദരങ്ങളാണ്. കർണ്ണാടകത്തിലും മറ്റും കൂലിപ്പണിക്ക് പോകുന്ന ഇവർക്ക് വീടുമായി സ്ഥിരബന്ധംമില്ല. രേഷ്മയുടെ പിതാവ് രഘുനാഥ്‌ കിണറ്റിൽ വീണ് നേരത്തെ മരിച്ചിരുന്നു. രേഷ്മയ്ക്കും കുടുംബത്തിനും എൻഡോസൽഫാൻ സാമ്പത്തിക സഹായം കിട്ടിയിരുന്നതായി പനത്തടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ് പറഞ്ഞു. ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേന, ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.