'ഇന്ത്യ അഫ്ഗാനിസ്ഥാന്റെ പങ്കാളി ആണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. നൂറ്റാണ്ടുകളായി അഫ്ഗാനിലെ ജനങ്ങളുമായുള്ള ബന്ധം ഇന്ത്യ നിലനിര്‍ത്തും. അതിനെ ഇല്ലാതെയാക്കാന്‍ യാതൊന്നിനും കഴിയില്ല' - ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വാക്കുകളാണിവ. താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ അഫ്ഗാനെ കുറിച്ചുള്ള നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തെ അജിത് ഡോവല്‍ അഭി സംബോധന ചെയ്തിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല.

പക്ഷേ രണ്ടു ദിവസങ്ങള്‍ക്ക് ഇപ്പുറം ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് തീര്‍ത്തും ആശങ്കാജനകമാണ്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നു എന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കിയിരിക്കുന്നത്. ഭീകരസംഘടനകളുടെ സാന്നിധ്യവും അവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കമ്പോഴും താലിബാന്‍ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നാണ് യുഎന്‍ മുന്നറിയിപ്പ്.