
അഹമ്മദാബാദ് : ടീമിന് ഐ.പി.എൽ കിരീടം നേടിക്കൊടുക്കാനായില്ലെങ്കിലും ഫൈനലിന് ശേഷം നടന്ന മെഡൽദാനച്ചടങ്ങിൽ താരമായത് രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ട്‌ലറാണ്. വ്യക്തിഗത മികവിനുള്ള ആറ് അവാർഡുകളാണ് ബട്ട്ലറെ തേടിയെത്തിയത്. ആകെ ഒരു കോടി രൂപ വ്യക്തിഗത അവാർഡായി വിതരണം ചെയ്തപ്പോൾ അതിൽ അറുപത് ലക്ഷം രൂപയുമെത്തിയത് ബട്ട്‌ലറുടെ അക്കൗണ്ടിലാണ്.

ബട്ട്‌ലർ 16 മത്സരങ്ങളിൽ നിന്ന് 863 റൺ നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിന് പത്ത് ലക്ഷം രൂപയാണ് ലഭിച്ചത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരവും ബട്ട്ലറാണ്. 45 സിക്‌സുകളാണ് ബട്ട്ലർ ഈ സീസണിൽ പറത്തിയത്. ഇതിനും ലഭിച്ചു പത്ത് ലക്ഷം രൂപയുടെ അവാർഡ്. ഫോറുകളുടെ കാര്യത്തിലും ബട്ട്ലറെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. പത്ത് ലക്ഷം രൂപ ഇതിനും കിട്ടി. ഏറ്റവും കൂടുതൽ സിക്‌സുകളും ഫോറുകളും അടിച്ചെടുത്തതിന് പുറമെ സീസണിലെ ഗെയിംചേഞ്ചറായതിനും പത്ത് ലക്ഷം രൂപയുടെ അവാർഡ് കിട്ടി. സീസണിലെ പവർ പ്ലെയർആയതിനാണ് അടുത്ത പത്ത് ലക്ഷം. സീസണിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പത്ത് ലക്ഷം കൂടി ലഭിച്ചതോടെ ആകെ ബട്ട്ലറുടെ അക്കൗണ്ടിൽ അറുപത് ലക്ഷം രൂപ വന്നു.
ഓറഞ്ച് ക്യാപ്പിന് പുറമെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിന് ലഭിക്കുന്ന പർപ്പിൾ ക്യാപ്പും രാജസ്ഥാന് തന്നെയായിരുന്നു. പത്ത് ലക്ഷം രൂപയുടെ ഈ അവാർഡ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലാണ് സ്വന്തമാക്കിയത്.
ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിനുള്ള അവാർഡ് ഗുജറാത്തിന്റെ ലോക്കി ഫെർഗൂസണിനാണ്. ഫൈനലിൽ മണിക്കൂറിൽ 157.3 കിലോമീറ്റർ സ്പീഡിൽ പന്തെറിഞ്ഞ ഫെർഗൂസൺ പത്ത് ലക്ഷം രൂപയാണ് നേടിയത്.
സീസണിലെ എമേർജിംഗ് പ്ലെയറായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കിനെയാണ് തിരഞ്ഞെടുത്തത്. 22-കാരനായ താരത്തിന് പത്ത് ലക്ഷം ലഭിച്ചു. ടൂർണ്ണമെന്റിലെ മികച്ച ക്യാച്ച് ലഖ്‌നൗ താരം എവിന്‍ ലൂയിസാണ് നേടിയത്. പത്ത് ലക്ഷം രൂപയുടെ അവാർഡാണ് സമ്മാനമായി ലഭിച്ചത്. 20 കോടി കിരീടം നേടിയ ഗുജറാത്തിന് 20 കോടി രൂപയും റണ്ണേഴ്‌സ് അപ്പായ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് 12.5 കോടി രൂപയും വിതരണം ചെയ്തു. ടൂർണ്ണമെന്റിലെ പഞ്ച് സ്‌ട്രൈക്കറായി ഗുജറാത്ത് നായകന്‍ ഹാർദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു. ടാറ്റ പഞ്ച് കാറാണ് പാണ്ഡ്യക്ക് കിട്ടിയത്.