
തൃശൂർ : ചാലക്കുടിക്ക് സമീപം പെൺകുട്ടിയെ കാറിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് മർദ്ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തിൽ വൻട്വിസ്റ്റ്. പെൺകുട്ടിയുടെ പരാതി വ്യാജമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും കുടുംബവുമാണ് അജ്ഞാതരായ രണ്ട് പേരുടെ മർദ്ദനമേറ്റെന്നും മുടി മുറിച്ചെന്നുമുള്ള പരാതിയുമായി കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്. കാറിലെത്തിയ സ്ത്രീയും പുരുഷനും ചേർന്ന് തന്നെ മർദ്ദിച്ചെന്നാണ് പെൺകുട്ടി വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മർദ്ദിച്ച ശേഷം തന്റെ മുടിയും മുറിച്ചുകളഞ്ഞുവെന്നും പെൺകുട്ടി മൊഴി നൽകി.
എന്നാൽ സംഭവത്തെക്കുറിച്ച് പൊലീസ് പെൺകുട്ടിയോട് വിശദാമായി ചോദിച്ചപ്പോഴാണ് സത്യം പുറത്തായത്. സുഹൃത്തിന്റെ വീട്ടിൽ പുസ്തകം മടക്കിനൽകാനായി പോയതായിരുന്നു പെൺകുട്ടി. .ഇവിടെ വച്ച് സുഹൃത്താണ് പെൺകുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്നാണ് ആക്രമിക്കപ്പെട്ടെന്ന് കഥയുണ്ടാക്കി പെൺകുട്ടി പറഞ്ഞത്. എന്നാൽ വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെയാണ് പ്രശ്നം കൈയിൽ നിന്ന് പോയതായി പെൺകുട്ടിക്ക് പിടികിട്ടിയത്.