
മുംബയ്: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരികേസിൽ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബയ് ഓഫീസിലെ സോണൽ ഡയറക്‌ടറായിരുന്ന സമീർ വാംഖഡെയ്‌ക്കാണ് ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.
റവന്യു ഇന്റലിജൻസ് ഡയറക്‌ടറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ടാക്‌സ്‌പെയർ സർവീസ് ഡയറക്‌ടറേറ്റ് എന്ന അപ്രധാന പോസ്‌റ്റിലാണ് സമീർ വാംഖഡെയുടെ പുതിയ നിയമനം. കോർഡീലിയ എന്ന കപ്പലിൽ ഒക്‌ടോബർ മാസത്തിൽ നടത്തിയ റെയ്ഡിലാണ് ആര്യൻ ഖാനടക്കം 22 പേർ പിടിയിലായത്.
പിന്നീട് വാംഖഡെയ്‌ക്കെതിരെ അഴിമതിയാരോപണം ഉണ്ടായതോടെ കേസ് മുംബയ് സോണിൽ നിന്ന് എൻസിബിയുടെ സെൻട്രൽ ടീം ഏറ്റെടുത്തു. വാംഖഡെയ്‌ക്കെതിരെ വിജിലൻസ് അന്വേഷണവും തുടങ്ങി. കഴിഞ്ഞയാഴ്‌ച ആര്യൻ ഖാനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും അതിനാൽ കുറ്റവിമുക്തനാക്കുന്നെന്നും എൻസിബി അറിയിച്ചു. കൃത്യമായ മാർഗനിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാത്തതിന് കേസന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും എൻസിബി ഡയറക്‌ടർ ജനറൽ അറിയിച്ചിരുന്നു.
കേസന്വേഷണത്തിനിടെ ജോലിയ്‌ക്ക് വേണ്ടി തെറ്റായ ജാതി സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയാണ് സമീർ പരീക്ഷ ജയിച്ചതെന്ന് അന്ന് മന്ത്രിയായ നവാബ് മാലിക് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്ന് സമീറിന്റെ കുടുംബം പ്രതികരിക്കുകയും ചെയ്‌തു.