
തിരുവനന്തപുരം: 10 കോടി രൂപ സമ്മാനമുള്ള വിഷുബമ്പർ ഭാഗ്യക്കുറിയുമായി കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഡോ. പ്രദീപ് കുമാറും ബന്ധു രമേശനുമെത്തി. ഇന്നലെ ഇരുവരും ലോട്ടറി ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കാണിച്ച് അവകാശം ഉന്നയിച്ചു. എന്നാൽ ലോട്ടറി അധികൃതർ ടിക്കറ്റ് സ്വീകരിച്ചില്ല.
കാണാമറയത്തായിരുന്നു ഇതുവരെ വിഷുബമ്പർ ഭാഗ്യശാലികൾ. മാത്രമല്ല, കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്പും സമർപ്പിക്കണം. അത് ഉണ്ടായിരുന്നില്ല. അതിനാലാണ് സ്വീകരിക്കാതിരുന്നത്. തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോകൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും.
22നായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റുമായി ആരും എത്താത്തതിനാൽ സമ്മാനം സർക്കാരിനു ലഭിക്കുമെന്ന തോന്നൽവരെയുണ്ടായി. 90 ദിവസത്തിനകം ടിക്കറ്റുമായി ആരുമെത്തിയില്ലെങ്കിൽ സമ്മാനത്തുക സർക്കാരിന് കിട്ടും. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ലഭിക്കുക.
കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നു വിറ്റ എച്ച്.ബി 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. വലിയതുറ സ്വദേശികളായ ജസീന്ത രംഗൻ ദമ്പതികളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്. ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ.പ്രദീപ് പറഞ്ഞു. നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്നങ്ങളും കാരണം എത്താൻ വൈകി.
എന്നും ഒരുമിച്ച്
എപ്പോഴും രമേശനുമായി ചേർന്നാണ് ഡോ. പ്രദീപ് ലോട്ടറി എടുക്കാറുള്ളത്. ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. അതെല്ലാം പകുതി പകുതിയായി വീതിക്കുമായിരുന്നു. സമ്മാനത്തുക കൊണ്ട് ഫാമിലിയിൽ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തുകഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ടെന്നും ഡോ.പ്രദീപ് പറഞ്ഞു.