thrikkakara-byelection

കൊച്ചി: വോട്ടിംഗ് ആരംഭിച്ച് മണിക്കൂറുകൾ മാത്രം പിന്നിടവെ തൃക്കാക്കരയിൽ പോളിംഗ് ബൂത്തിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. പോളിംഗ് ബൂത്തിന് സമീപം എ എൻ രാധാകൃഷ്ണൻ മാദ്ധ്യങ്ങളോട് സംസാരിച്ചതാണ് പൊലീസ് വിലക്കിയത്. പുറത്ത് വച്ചേ മാദ്ധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ തർക്കമായി. തർക്കം മൂത്തപ്പോൾ 'വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ', എന്നായി എൻ.ഡി.എ സ്ഥാനാർത്ഥി.

എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷമാണ് രാധാകൃഷ്‌ണൻ ലൊയോള എൽപി സ്‌കൂളിലെ ബൂത്തിൽ എത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽവോട്ടില്ല. എറണാകുളം മണ്ഡലത്തിലെവോട്ടറാണ് അദ്ദേഹം. ബിജെപി അട്ടിമറി വിജയം സാദ്ധ്യമാക്കുമെന്നാണ് എ.എൻ രാധാകൃഷ്‌ണൻ വിജയപ്രതീക്ഷ പങ്കുവച്ചത്.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴിന് തന്നെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി ഉമതോമസ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് അവർ പ്രതികരിച്ചു. വിജയിക്കുമെന്നതിൽ സംശയമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പോളിംഗ് സാമഗ്രികളുമായി ഇന്നലെ വൈകിട്ട് 6ന് മുമ്പ് ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. രാത്രി 9ഓടെ ബൂത്തിലെ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി. മഹാരാജാസ് കോളേജിൽ രാവിലെ 8നാണ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. വോട്ടെടുപ്പിന് മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മണ്ഡലത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്.

ഒരു ബൂത്തിൽ സുരക്ഷയ്ക്കുൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും വനിതകളാണ്. അഞ്ചു മാതൃകാ ബൂത്തുകളുമുണ്ട്. ആറ് തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമുണ്ട്. തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെട്ടവർക്ക് മാത്രമാണ് താപാൽ വോട്ട്. സേനകളിലും വിദേശകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നവർക്കാണ് സർവീസ് വോട്ടുകൾ.