
കാട്ടാക്കട: കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിരപുരം മഹാദേവക്ഷേത്രത്തിൽ വീണ്ടും മോഷണം. ഏണിയും കയറും കെട്ടി ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ചാണ് ഇത്തവണ മോഷണം നടത്തിയത്. അർച്ചന രസീത് എഴുതി വാങ്ങി സൂക്ഷിച്ചിരുന്ന 2000 രൂപയും തിങ്കളാഴ്ച ഗണപതി ഹോമത്തിനായി കരുതിയിരുന്ന ആപ്പിൾ, മുന്തിരി ഉൾപ്പടെ ഫലവർഗങ്ങളും തേങ്ങകളും നഷ്ടപ്പെട്ടു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാർ പുറത്ത് ഏണിയും കയറും കണ്ടതും തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ക്ഷേത്രപ്പുരയിടത്തിൽ കടന്ന കള്ളൻ ചുറ്റമ്പലത്തിലെ മതിൽകെട്ടിൽ ഏണി ചാരി കയർ കെട്ടിയാണ് ഉള്ളിൽ കടന്നത്. തിടപള്ളിയിലയും ഓഫീസ് മുറിയിലും വാതിൽ പൊളിച്ച് സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലാണ്. മാസങ്ങൾക്കു മുമ്പും ഇവിടെ പ്രധാന വാതിൽ തകർത്ത് മോഷണം നടന്നിരുന്നു. നാലിലധികം തവണ ഇവിടെ മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മംഗലക്കൽ കോമ്പാടിക്കൽ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ മറിച്ചിടുകയും തൂക്കുവിളക്കുകൾ പൊട്ടിച്ചു നിലത്തിടുകയും മൂന്ന് കാമറകൾ മോഷ്ടിക്കുകയും ചെയ്തു. കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങി.