ganja-case-

കൊച്ചി: ഒഡീഷയിൽ നിന്ന് ട്രെയിനിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളായ യുവദമ്പതികൾ ആർ.പി.എഫിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ ഗോപബന്ധു ബെഹ്റ (25), ഭാര്യ ഭർസാ സാഹു (22) എന്നിവരാണ് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽവച്ച് പിടിയിലായത്. 31000 രൂപ വിലമതിക്കുന്ന മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു. കൊച്ചിയിലുള്ള സംഘത്തിനായാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് വിവരം. റെയിൽവെ സ്റ്റേഷന് പുറത്ത് ഒരാൾ കാത്തുനിൽക്കുമെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് ഇരുവരും പിടിയിലായത്. മാന്യമായ വേഷംധരിച്ച് യാത്രചെയ്തിരുന്ന ഇവരുടെ ബാഗ് കണ്ട് സംശയം തോന്നിയ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇത് തുറന്നു പരിശോധിക്കുകയായിരുന്നു. പ്രതികൾ കാക്കനാട് ഭാഗത്ത് വാടകയ്ക് താമസിക്കുകയാണ്. മുമ്പും കഞ്ചാവ് എത്തിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. ജോലി സംബന്ധിച്ച് വ്യക്തമായ വിവരവും ഇവർ നൽകിയിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.

എ.എസ്.ഐ.പി.എഫ് കെ.എസ്. മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കെ.എസ്. സുനിൽ, പി. ഷിജു, ജി. വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹനീഫയാണ് കേസന്വേഷിക്കുന്നത്.