sudheer

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും തിളങ്ങിനിന്ന താരമാണ് സുധീർ സുധി. വില്ലൻ വേഷങ്ങളിലൂടെയാണ് നടൻ കൂടുതൽ ശ്രദ്ധേയനായത്. കാൻസർ ബാധിച്ച് ദീർഘനാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

ഇതിനിടയിൽ ഒരു ചാനൽ പരിപാടിക്കിടെ തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട്‌ നടൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് വേണ്ടി ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തതിനെപ്പറ്റിയാണ് വെളിപ്പെടുത്തൽ.

ദീർഘകാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും ഒരിക്കൽ വീട്ടിലെത്തി. കുട്ടികളുണ്ടാകാൻ സാദ്ധ്യതയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നൽകാൻ തയ്യാറായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് അവർ പറഞ്ഞു. ആരും സമ്മതിക്കാത്ത ഇക്കാര്യം ചോദിക്കാനായിരുന്നു അവർ വന്നത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നൽകില്ല. എന്നാൽ ഞങ്ങൾ അതിന് തയ്യാറായി. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് ഞങ്ങൾ കണ്ടത്.

പ്രിയ ദാനം ചെയ്ത അണ്ഡത്തിൽ അവർക്കൊരു പെൺകുട്ടി ഉണ്ടായി. എന്നാൽ പിന്നീട് വലിയൊരു ചതി സംഭവിച്ചു. കുട്ടിയുണ്ടായതിന് ശേഷം അവർ ഞങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇനിയൊരു ബന്ധവും വേണ്ടെന്ന് പറഞ്ഞ് വാട്സാപ്പിലും ഫേസ്ബുക്കിലുമടക്കം ബ്ലോക്ക് ചെയ്തു. കുട്ടിയ്ക്ക് ഇപ്പോൾ പത്തുവയസുണ്ട്. ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളു. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവരുടെ സ്വകാര്യത മാനിച്ച് കുട്ടിയെ കാണാൻ ശ്രമിക്കുകയോ പേരുവിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആ പുണ്യ പ്രവൃത്തി ചെയ്തതിനാലാകാം മാരകരോഗം വന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിച്ചതെന്ന് നടൻ വ്യക്തമാക്കി.