nadda-modi-sha

ന്യൂഡൽഹി: ജൂൺ പത്തിന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാല് സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി നിർദേശിച്ച് ബി ജെ പി. ആദ്യ പട്ടികയിലെ പോലെ തന്നെ ഇത്തവണയും മുൻനിര നേതാക്കളാരും സ്ഥാനാർത്ഥിപ്പട്ടികയിലില്ല. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇതോടെ ആകെ സ്ഥാനാർത്ഥികളിൽ 22 പേരുടെ പേരുകൾ പാർട്ടി പുറത്തുവിട്ടു.

ബിജെപി ഒ ബി സി വിഭാഗത്തിന്റെ ചുമതലയുള്ള നേതാവ് കെ ലക്ഷ്മൺ, ഉത്തർപ്രദേശിൽ നിന്ന് സുമിത്ര വാൽമീകി, കർണാടകയിൽ നിന്ന് ലാൽ സിംഗ് സിർഹോയ, യു പിയിൽ നിന്ന് മിഥിലേഷ് കുമാർ എന്നിവരാണ് ഇത്തവണ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

മേയ് 29 നാണ് ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത്. 18 സ്ഥാനാർത്ഥികളെയാണ് അന്ന് പ്രഖ്യാപിച്ചത്. കാലാവധി പൂർത്തിയാക്കിയ കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെയും അൽഫോൺസ് കണ്ണന്താനത്തിന്റെയും പേര് ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല. അതേസമയം കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമന്റെയും പീയൂഷ് ഗോയലിന്റെയും പേരുകൾ ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ മുക്താ‍ർ അബ്ബാസ് നഖ്‌വിയും, പ്രകാശ് ജാവഡേദ്കറും ഉൾപ്പെടെയുള്ള മുൻനിര നേതാക്കളുടെ പേര് ഇപ്പോൾ വന്ന പട്ടികയിലും ഇല്ലെന്നുള്ളതാണ് ശ്രദ്ധേയം. വസുന്ധര രാജെ, വിനയ് സഹസ്രബുദ്ധെ, എം ജെ അക്ബർ, ശിവ് പ്രതാപ് ശുക്ല, ഒ പി മാത്തൂർ തുടങ്ങിയവർക്കും ബി ജെ പി രാജ്യസഭയിലേക്ക് ടിക്കറ്റ് നൽകിയില്ല.

naqvi-and-javader

യു പിയിലെ രണ്ട് സീറ്റുകൾ കൂടി പ്രഖ്യാപിക്കാനുള്ളതിനാൽ നഖ്‌വിയുടെ സാദ്ധ്യതയും തള്ളിക്കളായാനാകില്ല. അദ്ദേഹത്തെ യു പിയിൽ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കുമെന്ന തരത്തിലുള്ള അഭ്യൂഹം പരക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ നിന്ന് ലക്ഷ്മികാന്ത് വാജ്‌പേയി, രാധാമോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിം ഗ്, സംഗീത യാദവ് എന്നിവർ മത്സരിക്കും. മഹാരാഷ്ട്രയിൽ പിയൂഷ് ഗോയലിനെ കൂടാതെ ഒഴിവുള്ള 6 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഒരു സീറ്റിൽ അനിൽ ബോണ്ടെ മത്സരിക്കും.

രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മദ്ധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബി.ജെ.പിയുടെ ആദ്യ പട്ടികയിലുണ്ടായിരുന്നത്. നിർമല സീതാരാമനെ കർണാടകയിൽ നിന്നും പീയുഷ് ഗോയലിനെ മഹാരാഷ്ട്രയിൽ നിന്നുമാണ് രാജ്യസഭയിലെത്തിക്കുക.

തമിഴ്‌നാട്ടിൽ ആറ് സീറ്റുകളാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാൽ ഇവിടെ ബി.ജെ.പി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബീഹാറിൽ നിന്ന് അഞ്ച്, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും മദ്ധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.