gurkha

പാലക്കാട്: പൊലീസിന് പിന്നാലെ വനം വകുപ്പിലും പട്രോളിംഗ് ശക്തമാക്കാൻ 'ഗൂര്‍ഖ'കള്‍ എത്തുന്നു. പുതുതായി 26 വാഹനങ്ങളാണ് വനം വകുപ്പിന് അനുവദിച്ചത്. 20 ഗൂര്‍ഖ ജീപ്പുകളും ആറ് പ്രത്യേക വാഹനങ്ങളുമാണ് അനുവദിച്ചത്.

വനം വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രനാണ് വാഹനങ്ങള്‍ ഫ്‌ളാഗ്ഓഫ് ചെയ്‌തത്. മുഖ്യ വനം മേധാവി പി.കെ. കേശവന്‍ ആദ്യവാഹനത്തിന്റെ താക്കോല്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നൽകി.

gurkha

വന്യജീവികളുടെതുൾപ്പെടെ ഭീഷണി രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാര്‍ക്കായാണ് ഗൂർഖ അനുവദിച്ചത്. വാഹനങ്ങള്‍ ഉപയോഗിക്കുക റെയ്ഞ്ച് ഓഫീസര്‍മാരാവും.

ദുർഘടമായ പാതകളിലൂടെ അനായാസം സഞ്ചരിക്കാൻ കഴിയുന്ന ഗൂർഖ ജീപ്പുകൾ ഫോഴ്‌സ് കമ്പനിയുടെതാണ്. ആറുപേർക്ക് വാഹനത്തിൽ യാത്ര ചെയ്യാം. രാത്രി യാത്രയ്ക്കും അനുയോജ്യമാണ്. വനപ്രദേശങ്ങളിലൂടെയും ചെളിയുള്ള പ്രദേശങ്ങളിലൂടെയും കുതിക്കാൻ ഈ വാഹനത്തിനാകും.

gurkha

നേരത്തെ നക്സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകള്‍ക്കായി ഗൂർഖ ജീപ്പുകൾ വാങ്ങിയിരുന്നു. സേനയിൽ നിലവിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ദുർഘടപാതകൾ കീഴടക്കാൻ ഉദ്ദേശിച്ചാണ് പൊലിസിന് പുതിയ വാഹനം ഏർപ്പെടുത്തിയത്.

13.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മോഡുലാർ ആർകിടെക്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുർഖ ഒരുങ്ങിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്‌ലൈറ്റും നൽകിയാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റർ ഒരുങ്ങിയിട്ടുള്ളത്. ഓഫ് റോഡ് മത്സര പ്രേമികളുടെ പ്രിയ വാഹനം കൂടിയാണ് ഗൂർഖ. സാധാരണ എസ്.യു.വി കളേക്കാൾ വീൽബേസും ഉയരവും കൂടുതലുളള ഗൂർഖയെ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാകും.