
തൃശൂർ: ഗുരുവായൂർ സ്വർണക്കവർച്ചാ കേസിലെ പ്രതി ധർമ്മരാജനെ കുടുക്കാനായതിന്റെ സന്തോഷത്തിലാണ് അന്വേഷണ സംഘം. തമിഴ്‌നാട് തൃശിനാപ്പിള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിൽ ധർമരാജിനെയാണ് (രാജ് 26) പൊലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഇയാളെ പിടിക്കാനായത്. സംസ്ഥാനത്ത് ഒരാൾ ഒറ്റയ്‌ക്ക് ചെയ്ത ഏറ്റവും വലിയ മോഷണക്കേസാണിത്. മോഷണശേഷം ഒരു തെളിവും ബാക്കി വയ്‌ക്കാതെ മുങ്ങിയതാണെങ്കിലും സിസിടിവി കാമറയിൽ പ്രതിയുടെ പച്ചകുത്ത് വ്യക്തമായി പതിഞ്ഞിരുന്നു.
തുടർന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ക്രൈം റെക്കോർഡുകൾ പരിശോധിച്ചാണ് പൊലീസ് സംഘം ധർമരാജിലേക്ക് എത്തിയത്. മോഷണശേഷം ഭാര്യയോടൊപ്പം എടപ്പാളിലെ വീട്ടിൽ നിന്ന് ചണ്ഡീഗഡിലേക്ക് കടന്ന പ്രതിയെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്.
പ്രതിയെ തിരിച്ചറിഞ്ഞതോടെ അന്വേഷണസംഘം നേരെ പോയത് തിരുച്ചിയിലേക്കായിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് പ്രതി ചണ്ഡീഗഡിലുള്ളതായി അറിഞ്ഞത്. തുടർന്ന് അന്വേഷസംഘം അവിടേക്ക് പുറപ്പെട്ടു. അവിടെ വേഷമാറിയായിരുന്നു പൊലീസ് സംഘം നടന്നത്.
ലുങ്കിയും പഴയ ഷർട്ടും ധരിച്ച് കമ്പിളി പുതപ്പ് വിൽപ്പനക്കാരയായി പ്രതിയുണ്ടെന്ന് അറിഞ്ഞ ഭാഗത്തെല്ലാം കറങ്ങി നടന്നു. ധർമരാജന്റെ രൂപം, തലമുടി, വേഷം തുടങ്ങിയവയുമായി സാദൃശ്യമുള്ളവരെയെല്ലാം കൃത്യമായി നിരീക്ഷിച്ചു. മൂന്നാമത്തെ ദിവസം പ്രതിയെ പിടിക്കാനായി. പ്രതി കൈയിൽ പച്ചകുത്തിയതും തലമുടിയിൽ നിറം പിടിപ്പിച്ചതും കണ്ടെത്താൻ സഹായകമായി.
ഈ മാസം 12ന് വൈകിട്ട് ഏഴരയോടെയാണ് വീട്ടുകാർ തൃശൂരിൽ സിനിമയ്ക്ക് പോയ സമയത്ത് സ്വർണ്ണവ്യാപാരിയായ കുരഞ്ഞിയൂർ തമ്പുരാൻപടി അശ്വതിയിൽ ബാലന്റെ വീട്ടിൽ മോഷണം നടന്നത്. മൂന്ന് മാസം മുമ്പ് തഞ്ചാവൂർ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ തമിഴ്‌നാട്ടിൽ ലുക്കൗട്ട് നോട്ടീസുണ്ട്.
ജില്ലയിൽ പഴയന്നൂർ, മണ്ണുത്തി, ഒല്ലൂർ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ തൃത്താല, ഷൊർണൂർ സ്റ്റേഷനുകളിലും 17ഓളം കേസുകളുണ്ട്. എറണാകുളത്തെ അങ്കമാലി, എളമക്കര സ്റ്റേഷനുകളിൽ ബൈക്ക് മോഷണത്തിന് കേസുണ്ട്.