hardik-patel

അഹമ്മദാബാദ്: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്. മേയ് 18നാണ് ഹാർദിക് കോൺഗ്രസ് വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേയ്ക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കി. കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു 28-കാരനായ ഹാർദിക്. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ 2019-ലാണ് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്.

തിരഞ്ഞെടുപ്പിനുള്ള അവസരം എപ്പോഴുമുണ്ടെന്നും തന്റെ ഭാവി നോക്കേണ്ടതുണ്ടെന്നും കോൺഗ്രസിൽ നിന്ന് വിട്ടുപോരുന്നതിന് മുമ്പ് തന്നെ ഹാർദിക് പറഞ്ഞിരുന്നു. ഹൈക്കമാന്റുമായി തനിക്ക് പ്രശ്നങ്ങളില്ല എന്നാൽ സംസ്ഥാന നേതൃത്വം എപ്പോഴും തന്നെ അവഗണിക്കുകയാണെന്നുമായിരുന്നു ഹാർദിക് പട്ടേലിന്‍റെ ആരോപണം. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞിരുന്നു. സംസ്ഥാന പ്രസിഡന്റാക്കിയ സച്ചിന്‍ പൈലറ്റ് കഷ്ടപ്പെട്ട് ജോലി ചെയ്തു. എന്നാല്‍ അവസരം വന്നപ്പോള്‍ സച്ചിന്‍ ഒഴിവാക്കപ്പെട്ടുവെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.

ഈ വര്‍ഷം അവസാനത്തോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേല്‍ സമുദായത്തില്‍ കാര്യമായ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസില്‍ എത്തിക്കാൻ ശ്രമം നടന്നിരുന്നു. നരേഷ് പട്ടേല്‍ എത്തുന്നതോടെ തന്‍റെ അവസരം നഷ്ടപ്പെടുമെന്ന കണക്കുകൂട്ടലാണ് ഹാർദിക് പട്ടേലിന്‍റെ എതിര്‍പ്പിന് കാരണം. വിവാദവിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിലുള്ള ബിജെപിയുടെ കഴിവിനെ അഭിമുഖത്തില്‍ പ്രശംസിച്ച ഹാര്‍ദിക് നേരത്തെ ജമ്മുകശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയപ്പോഴും രാമക്ഷേത്ര നിര്‍മാണത്തിലും ബിജെപിയെ പിന്തുണച്ചിരുന്നു. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകർക്കാനുമാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും കോൺഗ്രസിൽ നിന്ന് രാജിവെച്ച യുവനേതാവ് പറഞ്ഞിരുന്നു.