phone-call

ആരോടെങ്കിലും ഫോൺ വിളിച്ച് വച്ച ശേഷം ഇന്റർനെറ്റിൽ പരതുമ്പോൾ നിങ്ങൾ അയാളോട് സംസാരിച്ച കാര്യങ്ങളുമായി ബന്ധമുള്ള വസ്തുക്കളുടെയും സേവനങ്ങളുടെയും പരസ്യം ആ വെബ്സൈറ്റുകളിൽ കാണാറുണ്ടാകും, അല്ലെ? പലപ്പോഴും ഇത് യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതി നാം ബ്രൗസിംഗ് തുടരും. ഇതാണ് ശരാശരി ഒരു ഇന്ത്യക്കാരന്റെ ശീലം. നിങ്ങളും അത്തരം ഒരു വ്യക്തിയായിരിക്കാം. എന്നാൽ ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല.

നിങ്ങളുടെ ഫോൺ കോളുകൾ ചോരുന്നുണ്ട് എന്നാണ് ഇതിനർത്ഥം. അതെ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ പോലും ലോകത്തിന്റെ ഏതോ കോണിലിരിക്കുന്നവർ വിശകലനം ചെയ്യുന്നുണ്ട്. ഭാര്യയോടോ, കാമുകിയോടോ, സുഹൃത്തുക്കളോടോ ഒക്കെ സംസാരിക്കുന്ന രഹസ്യ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ളവ മറ്റൊരാൾ കേട്ടുകൊണ്ടിരിക്കുന്നതായി ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇതിന് അവസരമൊരുക്കുന്നത് മറ്റാരുമല്ല. നാം തന്നെയാണ്.

സമൂഹമാദ്ധ്യമമായ ലോക്കൽ സർക്കിൾസിന്റെ പഠനം അനുസരിച്ച് പഠനത്തിൽ പങ്കെടുത്ത 51 ശതമാനം പേർക്കും അവരുടെ ഫോൺ കോളുകളെ അടിസ്ഥാനമാക്കി പരസ്യങ്ങൾ ലഭിക്കുന്നുണ്ട്. അതായത് പകുതിയിലേറെപ്പേരുടെ ഫോണുകളും ചോർത്തുന്നുണ്ട്.

phone-call

സൈബർ ലോകത്തെ സ്വകാര്യത എന്നത് മരുഭൂമിയിലെ മഴ പോലെയാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ നമ്മുടെ സ്വകാര്യ ഫോൺ കോളുകളെ വിറ്റ് കാശുണ്ടാക്കുന്നത് നാം തന്നെ അവസരം നൽകുന്നത് കൊണ്ടാണെന്നും അതിന് നമുക്ക് തന്നെ തടയിടാനാകുമെന്നും എത്ര പേർക്കറിയാം?

ഈ ചോർത്തൽ നടത്തുന്നത് ആരാണെന്നാണ് ആദ്യം അറിയേണ്ടത്. ഫോൺ വിളിക്കാൻ അവസരം ഉണ്ടാക്കിത്തരുന്ന ടെലിക്കോം ഓപ്പറേറ്റർമാരോ, അല്ലെങ്കിൽ വൈ ഫൈ തരുന്ന സേവന ദാതാക്കളോ ഒന്നുമല്ല ഈ ചോർത്തലിന് പിന്നിൽ. നിങ്ങളുടെ ഫോണിൽ നിങ്ങൾ തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന വിവിധ തരം ആപ്പുകളാണ് ഈ പണി ഒപ്പിക്കുന്നത്. അതും നിങ്ങളുടെ അനുവാദത്തോടെ തന്നെ.

പ്രൈവസി, ടേംസ് ആൻഡ് കണ്ടീഷണുകൾ എന്ന തരത്തിൽ വരുന്ന വലിയ ലേഖനങ്ങളുടെ ഇടയിലാകും ഇത് സംബന്ധിച്ച കാര്യങ്ങൾ ഉള്ളതെന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ അവിടെയല്ല ഈ പരസ്യമായ രഹസ്യം ഒളിച്ചിരിക്കുന്നത്. നിങ്ങൾ വ്യക്തമായി കാണെ തന്നെയാണ് അവർ നിങ്ങളോട് കോളുകൾ ചോർത്തിക്കോട്ടെ എന്ന് ചോദിക്കുന്നത്. സ്വന്തം സ്വകാര്യതയേക്കാൾ ശ്രദ്ധ മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് കൊടുക്കുന്ന മഹാമനസ്കരായ ഇന്ത്യക്കാർക്ക് പക്ഷെ ഇതൊന്നും ശ്രദ്ധിക്കാൻ നേരമുണ്ടാകില്ല, അതാണ് ഇതൊന്നും കാണാൻ സാധിക്കാത്തത്.

ad-on-phone

ഓരോ പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ആ ആപ്പ് ചില അനുവാദങ്ങൾ ചോദിക്കും. നിങ്ങളുടെ ഗാലറി ആക്സസ് ചെയ്തോട്ടെ? നിങ്ങളുടെ കോണ്ടാക്ടുകൾ മുഴുവൻ ആക്സസ് ചെയ്തോട്ടെ? അങ്ങനെ നിങ്ങളുടെ ഫോണിലെ മൈക്രോഫോൺ, ക്യാമറ, ലൊക്കേഷൻ തുടങ്ങി പല വിധ സംവിധാനങ്ങളിലേക്കും അവർ കൈ കടത്തിക്കോട്ടെ എന്ന് നമ്മോട് ചോദിക്കും. ആപ്പിന്റെ സ്വഭാവം പോലും നോക്കാതെ നാം അനുവാദം കൊടുക്കും. ഒന്ന് ചിന്തിച്ച് നോക്കൂ, ലൊക്കേഷനുമായി യാതൊരു ബന്ധവുമില്ലാത്ത ആപ്പുകൾക്കെന്തിനാണ് ലൊക്കേഷൻ അക്സസ് കൊടുക്കുന്നത്?

അതുപോലെ തന്നെയാണ് മൈക്രോഫോണിന്റെ കാര്യവും. എല്ലാ ആപ്പുകൾക്കും മൈക്രോഫോൺ ആക്സസ് എന്തിനാണ് നൽകുന്നത്? ഈ ശ്രദ്ധയില്ലായ്മയാണ് പല ആപ്പുകളും മുതലാക്കുന്നത്. സർവസമയവും മൈക്രോഫോൺ ഉപയോഗിക്കാൻ അധികാരമുള്ള ചില ആപ്പുകളാണ് നമ്മുടെ സ്വകാര്യ കോളുകൾ പോലും ചോർത്തിയെടുക്കുന്നത്. ഫോണിൽ നാം എന്താണ് സംസാരിക്കുന്നതെന്ന് കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത ശേഷമാണ് അതുമായി ബന്ധപ്പെട്ട പരസ്യങ്ങളും മറ്റും നമ്മുടെ ഫോണിലേക്ക് അയക്കുന്നത്.

app-permission

വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ പോലുള്ള ആപ്പുകൾക്ക് മൈക്രോഫോൺ ആക്സസ് നൽകേണ്ടത് അനിവാര്യമാണ്. എന്നാൽ സർവ സമയവും കൊടുക്കേണ്ട ആവശ്യമുണ്ടോ? ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം ഈ അനുവാദം ലഭിക്കുകയും, അല്ലാത്തപ്പോൾ ഇവയിലേക്ക് കടന്നുകയറാനുള്ള ആപ്പുകളുടെ പ്രവർത്തനത്തെ ചെറുക്കുകയും ചെയ്യുന്ന തരത്തിൽ സെറ്റിംഗ്സ് മാറ്റുക എന്നതാണ് ആകെയുള്ള പോംവഴി. അതിന് ഫോണിൽ തന്നെ ഓപ്ഷനുകളുണ്ട്.

ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് അനുവാദം ചോദിച്ച് വരുന്ന സന്ദേശത്തിൽ അലോ ഒൺലി വൈൽ യൂസിംഗ് ദ ആപ്പ് (ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രം അനുവാദം നൽകുക) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇത്തരത്തിൽ അനുവാദം നൽകുന്നത് നിയന്ത്രിച്ച് കഴിഞ്ഞാൽ ആപ്പുകൾക്ക് നമ്മുടെ മൈക്രോഫോൺ ഉപയോഗിച്ച് ആപ്പുകളിലേക്ക് കടന്നുകയറുന്നത് നമുക്ക് തന്നെ തടയാനാകും. ഇതിനായി മൈക്രോഫോൺ ഉപയോഗത്തിലുള്ള അനുവാദം നൽകലിലാണ് മാറ്റം വരുത്തേണ്ടത്.

app-permission

സദാ സമയവും മൈക്രോഫോൺ ഉപയോഗിക്കാൻ ആപ്പുകൾക്ക് അനുവാദം നൽകുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം?

സെറ്റിംഗ്സ് തുറക്കുക.

പ്രൈവസി എന്ന ഓപ്ഷനിലേക്ക് പോവുക.

അതിനുള്ളിൽ പെർമിഷൻ മാനേജർ/ പെർമിഷൻസ് എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.

അതിനുള്ളിൽ ക്യാമറ, കോണ്ടാക്ട്സ്, ലൊക്കേഷൻ, മൈക്രോഫോൺ, തുടങ്ങി പല സേവനങ്ങൾ ഏതൊക്കെ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കാണാനാകും.

ഇതിൽ മൈക്രോഫോൺ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

ഇതിൽ നമ്മുടെ ഫോണിലെ ഏതൊക്കെ ആപ്പിന് എപ്പോഴൊക്കെ മൈക്രോഫോൺ ഉപയോഗിക്കാം എന്ന വിവരം കാണാനാകും.

ഇതിൽ ആവശ്യമില്ലാത്ത ആപ്പുകളുടെ പെർമിഷൻ ഡിനൈ ചെയ്യുകയും അത്യാവശ്യമുള്ളവയെ അലോ വൈൽ യൂസിംഗ് എന്ന സെക്ഷനിലേക്ക് മാറ്റുകയും ചെയ്യണം.

ഇത്തരത്തിൽ ക്യാമറ, ലൊക്കേഷൻ പോലുള്ള സംവിധാനങ്ങളുടെ കാര്യത്തിലും ആപ്പുകളുടെ കടന്നു കയറ്റത്തെ നിയന്ത്രിക്കാനാകും.