
ന്യൂഡൽഹി : പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായ എട്ടാം വർഷം പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനസമ്മതിയിലും വൻ വർദ്ധന. കൊവിഡ് തുടങ്ങിയതിന് ശേഷം നടത്തിയ സർവേകളിൽ ഏറ്റവും കൂടുതൽ പേർ മോദിക്ക് അനുകൂലമായി നിലപാട് എടുത്തു എന്ന പ്രത്യേകതയും ഇപ്പോഴത്തെ ഫലം സൂചിപ്പിക്കുന്നു. ലോക്കൽ സർക്കിൾ നടത്തിയ സർവേയിൽ പങ്കെടുത്ത് അഭിപ്രായം പങ്കുവച്ച 64,000 പേരിൽ 67 ശതമാനവും രണ്ടാം ടേമിൽ മോദി സർക്കാർ പ്രതീക്ഷകൾ നിറവേറ്റി എന്ന അഭിപ്രായക്കാരാണ്. ഇന്നലെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ടുവർഷം പൂർത്തീകരിച്ചത്. 2014 മേയ് 26 നാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും കൂടുതൽ തിളക്കത്തോടെ അധികാരം തുടരുകയായിരുന്നു. മോദി സർക്കാരിന് 67 ശതമാനം ജനസമ്മിതി ഇപ്പോഴത്തെ അവസ്ഥയിലും നേടാനായത് ഏറെ ആശ്വാസകരമാണ്.
അവശ്യസാധനങ്ങളുടെ വിലയും തൊഴിലില്ലായ്മയും രാജ്യത്ത് വർദ്ധിക്കുമ്പോഴും ജനത്തിന് വിശ്വാസം സർക്കാരിലുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. രാജ്യത്ത് കൊവിഡ് ആരംഭിച്ച 2020ൽ നടന്ന സർവേയിൽ 62 ശതമാനമാമ് മോദി സർക്കാരിന്റെ നയങ്ങളെയും പ്രകടനത്തെയും അംഗീകരിച്ചത്. പുതിയ സർവേയിൽ കൊവിഡ് മൂന്നാം തരംഗത്തെ സർക്കാർ ഫലപ്രദമായി കൈകാര്യം ചെയ്തതായി ജനം വിലയിരുത്തി.
അതേസമയം സർവേയിൽ പങ്കെടുത്തവർ രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
തൊഴിലവസരങ്ങളുടെ വിഷയത്തിൽ 37 ശതമാനം പേർ മാത്രമാണ് മോദി സർക്കാരിനെ അംഗീകരിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 27 ശതമാനം മാത്രമായിരുന്നു. 2020 ൽ തൊഴിലവസരങ്ങളുടെ വിഷയത്തിൽ 29 ശതമാനമാണ് മോദി സർക്കാരിന് ഫുൾ മാർക്ക് നൽകിയത്. സർവേയിൽ പങ്കെടുത്തവരിൽ നല്ലൊരു വിഭാഗവും രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പ് രണ്ട് വർഷത്തിനുള്ളിൽ നേരിടേണ്ടതിനാൽ ഇക്കാര്യത്തിൽ സർക്കാർ മികച്ച തീരുമാനങ്ങളെടുക്കാനാണ് സാദ്ധ്യത. രാജ്യത്ത് സാമുദായിക സൗഹാർദം മെച്ചപ്പെടുത്താൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് 60 ശതമാനം പേർ വിശ്വസിക്കുമ്പോൾ ഈ വിഷയത്തിൽ 33 ശതമാനം പേർ സർക്കാരിനോട് വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിൽ സംരംഭങ്ങൾ തുടങ്ങാൻ എളുപ്പമായെന്ന് അമ്പത് ശതമാനത്തിലധികം പേർ അഭിപ്രായം രേഖപ്പെടുത്തി.