vijay-babu

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നാട്ടിലെത്തിയാലുടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് നടനെ ചോദ്യം ചെയ്യാം. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു.

പൊലീസിനെയും കോടതി വിമർശിച്ചു. ഒരുമാസമായിട്ടും വിജയ് ബാബുവിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. പ്രതിയും പൊലീസും ഒത്തുകളിക്കുകയാണോയെന്ന് സംശയമുണ്ട്. വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുന്നത് മാദ്ധ്യമങ്ങളിലൂടെ കാണിക്കാനാണോ പൊലീസിന്റെ ശ്രമം. വിദേശത്ത് പോയ എല്ലാവരെയും പൊലീസിന് പിടിക്കാനായോ? വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയാണ് പ്രധാനം.-കോടതി പറഞ്ഞു.

വിജയ് ബാബു ചിലർക്ക് താരമായിരിക്കാം. എന്നാൽ കോടതിക്ക് സാധാരണക്കാരനാണ്. വിജയ് ബാബു നിയമത്തിന് വിധേയനാകാൻ അല്ലേ ശ്രമിക്കുന്നത്? ആൾ സ്ഥലത്ത് ഇല്ലാത്തതിനാൽ കേസ് മെറിറ്റിൽ കേൾക്കില്ലെന്ന് കോടതി വ്യക്തമാക്കി. തന്റെ കക്ഷി നാളെ മടങ്ങിയെത്തുമെന്ന് നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരമായിരുന്നെന്നും, സിനിമയിൽ മറ്റൊരു നടിക്ക് അവസരം നൽകിയതാണ് പീഡന പരാതിക്ക് കാരണമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഏപ്രിൽ 22നാണ് യുവനടി പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് നടൻ രാജ്യംവിട്ടത്.