അതിജീവിതയായ നടിയെയും ദിലീപിനെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് ലിബർട്ടി ബഷീർ. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് പരസ്പരം കാണുന്നതെന്നും പുതിയ സിനിമയിലേക്ക് അവളെ പരിഗണിക്കാമെന്ന് ദിലീപ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ലിബർട്ടി ബഷീറിന്റെ തുറന്നു പറച്ചിൽ.
അതിജീവിതയായ പെൺകുട്ടിയെ ദിലീപിന് ആദ്യമായി പരിചയപ്പെടുത്തന്നത് ഞാനാണ്. കമലിന്റെ സിനിമയിൽ ചെറിയൊരു തമിഴത്തിയുടെ വേഷം ചെയ്താണ് അവൾ തുടങ്ങിയത്. അതുകഴിഞ്ഞ് നമ്മുടെ ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനത്തിന് അവളെയായിരുന്നു ക്ഷണിച്ചത്. അവിടെ ദിലീപും അതിഥിയായി എത്തി. അന്ന് ഞാൻ പരിചയപ്പെടുത്തി കൊടുത്തിരുന്നു. പട്ടണത്തിൽ സുന്ദരനിലേക്ക് ഞങ്ങൾ ഒരു പുതുമുഖ നടിയെ തേടിനടക്കുന്ന സമയമായിരുന്നു.
നമ്മുടെ പടത്തിൽ പറ്റില്ല, ചെറുപ്പമായി പോയി, ഫോട്ടോ സൂക്ഷിച്ചോ, അടുത്ത പടത്തിൽ ഉപകാരപ്പെടുമെന്നായിരുന്നു ദിലീപ് പറഞ്ഞത്. അതുകഴിഞ്ഞ് ക്രോണിക്ക് ബാച്ചിലറിലേക്കും അവളെ ഞാൻ സജസ്റ്റ് ചെയ്തിരുന്നു. പാച്ചിക്കയും സിദ്ദിഖും വിളിച്ച് ചോദിച്ചിരുന്നു ഇങ്ങനെയൊരു കുട്ടിയുണ്ടല്ലോ എന്നാണ്. അങ്ങനെയാണ് ഞാൻ അവളെ അതിലേക്ക് സജസ്റ്റ് ചെയ്യുന്നത്. പിന്നീട് എത്രയോ പടങ്ങളിൽ അവർ ഒന്നിച്ചഭിനയിച്ചിരിക്കുന്നു.
