
തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ആയുധമേന്തി പഥസഞ്ചലനം നടത്തിയ കേസിൽ വിവരങ്ങൾ ഹാജരാക്കാൻ സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നൽകി. വാളുമായി പ്രകടനം നടത്തിയവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
പ്രവർത്തകർ ഉപയോഗിച്ചത് യഥാർത്ഥ വാളുകളല്ല, മരം കൊണ്ടുള്ള മാതൃകയാണെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ ഈ വാദം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മൊഴിയെടുത്ത ശേഷം ആയുധങ്ങൾ കണ്ടെത്താനും ശാസ്ത്രീയ പരിശോധന നടത്താനുമാണ് നിലവിലെ തീരുമാനം.
ഇതിനിടെ പ്രകടനത്തെ പിന്തുണച്ച് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. പ്രകടനത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും എത്തി. സ്വയരക്ഷയ്ക്കാവാം പെൺകുട്ടികൾ വാളേന്തിയതെന്നും പൊലീസടക്കം ആരും അവരുടെ സുരക്ഷയ്ക്ക് ഇല്ലല്ലോ എന്നുമാണ് അദ്ദേഹം പറയുന്നത്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുർഗാവാഹിനി പഥസഞ്ചലത്തിലാണ് ആയുധവുമേന്തി പെൺകുട്ടികൾ പങ്കെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് പൊലീസ് ഇതിനെതിരെ കേസെടുത്തത്. മേയ് 22 നാണ് കീഴാറൂരിൽ പരിപാടി സംഘടിപ്പിച്ചത്. കണ്ടാലറിയാവുന്ന 200ഓളം പേരെ പ്രതിചേർത്ത് കൂട്ടംചേർന്ന് പ്രകടനം നടത്തിയതിനും ആയുധം ഉപയോഗിച്ചതിനുമാണ് ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്. മുൻ നിരയിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളുടെ കയ്യിലാണ് വാളുണ്ടായിരുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ആയുധമേന്തിയിരുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്തത് പെൺകുട്ടികളായിരുന്നു, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ആര്യങ്കോട് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
ശിബിരത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കണമെന്നും ആരാണ് വാളു നൽകിയതെന്ന് അറിയണമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനായി ക്യാമ്പിൽ പങ്കെടുത്തവരുടെ വിവരം നൽകാനാണ് വി.എച്ച്.പി ഗ്രാമകാര്യാലയത്തിന് പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.