
പാമ്പുകൾ അധികം ആളുകളുടേയും പേടിസ്വപ്നമായിരിക്കും, എന്നാൽ പാമ്പിനെ വരണമാല്യമാക്കിയ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ധൈര്യശാലികളായ ദമ്പതികളാണ് തങ്ങളുടെ വിവാഹ ചടങ്ങ് വ്യത്യസ്തമാക്കാൻ പാമ്പുകളെ മാലയാക്കി പരസ്പരം അണിയിച്ചത്. വധുവാണ് ആദ്യം ഒരു പാമ്പിനെ വരന്റെ കഴുത്തിൽ അണിയിക്കുന്നത്. വരന്റെ കഴുത്തിൽ ചുറ്റിയ പാമ്പിന്റെ രണ്ടറ്റങ്ങളിൽ വരൻ പിടിച്ചിട്ടുമുണ്ട്. ഇനി വരന്റെ ഊഴമായപ്പോൾ അൽപ്പം പോലും പിശുക്ക് കാട്ടാതെ ഒരു ഭീമൻ പെരുംപാമ്പിനെയാണ് വധുവിന്റെ കഴുത്തിൽ അണിയിച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഈ ചെറു വീഡിയോ മുൻപ് നടന്ന് ചടങ്ങിൽ നിന്നുമാണ്. എന്നാൽ ഇപ്പോഴാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട് വൈറലായിരിക്കുന്നത്. ചടങ്ങിൽ പാമ്പുകളെ പരസ്പരം അണിയിക്കുന്ന വധുവരൻമാർ മഹാരാഷ്ട്രയിലെ വന്യജീവി വകുപ്പ് ജീവനക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാമ്പിനെ അണിയിച്ച ശേഷം വധൂവരൻമാർ കൂളായി നിൽക്കുന്നുണ്ടെങ്കിലും ബന്ധുക്കൾ കുറച്ച് സാമൂഹിക അകലം പാലിച്ചാണ് നിൽക്കുന്നത്, അവരുടെ മുഖത്ത് അത്ര സന്തോഷവും കാണാനില്ല.